* ഇന്ത്യ- സൗദി ഇന്‍വെസ്റ്റ്‌മെന്റ് കണക്ട് ശ്രദ്ധേയമായി
* ഇന്ത്യന്‍ ജെംസ് ആന്റ് ജ്വല്ലറി എക്‌സിബിഷന്‍ ജിദ്ദയില്‍ നടത്തും
ജിദ്ദ: നൂറ്റാണ്ടുകളുടെ സുദൃഢമായ സൗഹൃദത്തിന് നിക്ഷേപത്തിന്റെയും വ്യാവസായിക – വാണിജ്യ വിനിമയത്തിന്റേയും സുവര്‍ണ മുദ്രകള്‍ ചാര്‍ത്തി ഇന്ത്യയും സൗദി അറേബ്യയും റെക്കാര്‍ഡ് നേട്ടങ്ങളുടെ പെരുമയിലേക്ക്. കൂടുതല്‍ മേഖലകളിലേക്ക് ഇരുരാജ്യങ്ങളുടേയും പരസ്പര ബന്ധം വ്യാപിപ്പിക്കുന്നതിനും ബിസിനസ് പങ്കാളിത്തം ഊട്ടിയുറപ്പിക്കുന്നതിനുമുതകുന്ന ചര്‍ച്ചകളുടേയും തീരുമാനങ്ങളുടേയും വേദിയായി മാറി ഇന്ന് ജിദ്ദ പാര്‍ക്ക് ഹയാത്ത് ഹോട്ടലില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആതിഥേയത്വം വഹിച്ച ഇന്ത്യ-സൗദി ഇന്‍വസെ്റ്റ്‌മെന്റ് കണക്ട്. ഒരു ദിവസം മുഴുവന്‍ നീണ്ടു നിന്ന ചര്‍ച്ചയില്‍ സൗദിയിലേയും ഇ്ന്ത്യയിലേയും വ്യവസായികളും നയതന്ത്രോദ്യോഗസ്ഥരും വിവിധ കമ്പനി പ്രതിനിധികളും സജീവമായി പങ്കെടുത്തു.

സൗദിയുടെ ഏറ്റവും വലിയ ബിസിനസ് പങ്കാളികളിലൊന്നായ ഇന്ത്യയിലെ ഈ രംഗത്തെ അനുകൂല സാഹചര്യങ്ങളെക്കുറിച്ച് കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി തന്റെ ഉദ്ഘാടനപ്രസംഗത്തില്‍ വിശദീകരിക്കുകയും സൗദിയിലെ ഇന്ത്യന്‍ ബിസിനസുകാരുടേയും ഇന്ത്യയിലെ സൗദി ബിസിനസുകാരുടേയും ആവശ്യങ്ങളെക്കുറിച്ച് ആശയസംവാദത്തിലേര്‍പ്പെടുകയും ചെയ്തു. വിവിധ സൗദി കമ്പനികളുടെ പ്രതിനിധികള്‍ക്കും സൗദി നിക്ഷേപമന്ത്രാലയ മേധാവിക്കും പുറമെ ഇന്ത്യയില്‍ നിന്നെത്തിയ വാണിജ്യ മന്ത്രാലയപ്രതിനിധികളും വിവിധ കമ്പനി വക്താക്കളും ഡെമോണ്‍സ്ട്രഷന്‍ സഹിതം ചടങ്ങില്‍ സംസാരിച്ചത് വിജ്ഞാനപ്രദമായ അനുഭവമായി മാറി. ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ ഓണ്‍ലൈനില്‍ തല്‍സമയ പ്രഭാഷണം നിര്‍വഹിച്ചു.

സൗദി അറേബ്യയുടെ ഇന്ത്യയോടുള്ള ബിസിനസ് രംഗത്തെ പ്രതിപത്തിയും 26 ലക്ഷം വരുന്ന ഇന്ത്യന്‍ പ്രവാസികളോടുള്ള തുറന്ന സമീപനവും നന്ദിയോടെ ഓര്‍ക്കുന്നുവെന്ന് അംബാസഡര്‍ വ്യക്തമാക്കി.
സൗദി മിനിസ്ട്രി ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് (മിസ) സെന്‍ട്രല്‍ ഓഫീസ് ഡയരക്ടര്‍ അഹമ്മദ് അല്‍ ജൂറൈയാന്‍ ചടങ്ങില്‍ ഗസ്റ്റ് ഓഫ് ഹോണറായിരുന്നു. പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ സന്നദ്ധതയുള്ള സൗദി യുവതീയുവാക്കള്‍ ബിസിനസ് പങ്കാളിത്തത്തിന് ഇ്ന്ത്യയെ ഉറ്റുനോക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

പെട്രോമിന്‍ ഗ്രൂപ്പ് സി.ഇ.ഒ കല്യാണശിവജ്ഞാനം, അബ്ദുല്‍ലത്തീഫ് ജമീല്‍ മോട്ടോഴ്‌സ് സി.എഫ്.ഒ ബാലകൃഷ്ണന്‍, ഗള്‍ഫ് ഇസ്ലാമിക് ഇന്‍വെസ്റ്റ്‌മെന്റ് പ്രതിനിധി പുനീത് കതാരിയ, സെന്റര്‍ ഫോര്‍ സോഷ്യല്‍ ആന്റ് എക്കണോമിക് പ്രോഗ്രസ് ഫെല്ലോ ഡോ. ജെ. ഭഗവതി, എല്‍.കെ.എസ് അറ്റോര്‍ണീസ് എക്‌സിക്യൂട്ടീവ് പാര്‍ട്ണര്‍ എല്‍. ബദരീനാരായണന്‍, റിയാദ് ഇന്ത്യന്‍ എംബസിയിലെ കൊമേഴ്‌സ്യല്‍ കൗണ്‍സിലര്‍ മനുസ്മൃതി എല്‍.കെ.എസ് അറ്റോര്‍ണി സ്ഥാപക എം.ഡി ലക്ഷ്മികുമാര്‍ എ്ന്നിവരും സംസാരിച്ചു.

ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതിയും എനര്‍ജിയുള്‍പ്പെടെയുള്ള സൗദി ഉല്‍പന്നങ്ങളുടെ കയറ്റുമതിയും വന്‍തോതില്‍ നേട്ടങ്ങള്‍ കൈവരിച്ചതിനെക്കുറിച്ചും വിഷന്‍ 2030 സൗദിയുടേയും വിഷന്‍ 2047 ഇന്ത്യയുടേയും സ്ഥാനങ്ങള്‍ ഒന്നാം നിരയിലേക്കുയരുമെന്ന് കണക്കുകള്‍ ഉദ്ധരിച്ച് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഭക്ഷ്യവിതരണരംഗം, പുനരുല്‍പാദന എനര്‍ജിമേഖല, ടെക്‌സ്റ്റൈല്‍-യന്ത്രസാമഗ്രികള്‍, മെഡിക്കല്‍ സാമഗ്രികള്‍ എന്നീ മേഖലകളില്‍ ഉഭയകക്ഷികളുടെ വന്‍കുതിപ്പാണ് ലക്ഷ്യമിടുന്നത്. മെഡിക്കല്‍ ടൂറിസത്തിന്റെ സാധ്യതകളും ഇരുരാജ്യങ്ങളും പങ്ക് വെക്കുന്ന പ്രതീക്ഷകളും വലുതാണ്. ബാംഗ്ലൂരില്‍ സൗദിയിലെ വാഹന ബിസിനസ് ഭീമന്മാരായ അബ്ദുല്‍ലത്തീഫ് ജമീല്‍ ആരംഭിച്ച സംരംഭം വിജയക്കുതിപ്പ് ഗ്രാഫുകളുടെ സഹായത്തോടെ ഇന്‍വെസ്റ്റ്‌മെന്റ് കണക്ടില്‍ വിശദീകരിച്ചു.