- സർവ്വേ ഏറ്റെടുത്ത് ഇന്ത്യാ മുന്നണി നേതാക്കൾ
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനവട്ട വോട്ടെടുപ്പിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മൂന്നാമൂഴം പ്രവചിച്ച എക്‌സിറ്റ് പോളുകളെയെല്ലാം തള്ളി, ഇന്ത്യാ മുന്നണി അധികാരത്തിലെത്തുമെന്ന് പ്രവചിച്ച് എക്‌സിറ്റ് പോൾ.
പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഇന്ത്യാ മുന്നണി 260 മുതൽ 295 വരെ സീറ്റുകൾ നേടി അധികാരം തിരിച്ചുപിടിക്കുമെന്നാണ് ഡി.ബി ലൈവ് എക്‌സിറ്റ് പോൾ പ്രവചനം. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എക്ക് 215 മുതൽ 245 വരെയാകും സീറ്റുകളെന്നും ഡി.ബി ലൈവ് പ്രവചിച്ചു.
ദേശബന്ധു പത്രത്തിന്റെ ഡിജിറ്റൽ ചാനലാണ് ഡി.ബി ലൈവ്. നിലവിൽ ഛത്തീസ്ഗഢിന്റെ തലസ്ഥാനമായ റായ്പുരിൽ നിന്ന് 1959-ൽ പ്രസിദ്ധീകരണം ആരംഭിച്ച പത്രമാണിത്. റായ്പുരിന് പുറമെ ബിലസ്പുർ, സാഗർ, സത്‌ന, ന്യൂഡൽഹി, ഭോപ്പാൽ, ജബൽപുർ എന്നിവിടങ്ങളിലും പത്രത്തിന് എഡിഷനുകളുണ്ട്. പുതിയ ഈ എക്‌സിറ്റ് പോൾ ഇന്ത്യ മുന്നണിയുടെ നേതാക്കളെല്ലാം വ്യാപകമായി ഷെയർ ചെയ്തിട്ടുണ്ട്. ദേശീയ രാഷ്ട്രീയത്തിലും ഈ സർവേ ഏറെ ചർച്ചയാകുകയാണ്.
തമിഴ്‌നാട്ടിൽ 37 മുതൽ 39 വരെ സീറ്റ് ഇന്ത്യ മുന്നണിക്ക് ലഭിക്കും. ഒരു സീറ്റാണ് എൻ.ഡി.എക്കുണ്ടാവുക. മഹാരാഷ്ട്രയിൽ ഇന്ത്യ മുന്നണി 28-30 സീറ്റുകൾ വരെയും എൻ.ഡി.എ ഏകദേശം 20 സീറ്റുകളുമാണ് നേടുകയെന്നും സർവേയിലുണ്ട്. ബിഹാറിലും കർണാടകയിലും ഇന്ത്യ മുന്നണിക്ക് മേധാവിത്വമുണ്ടാകും. ബിഹാറിൽ എൻ.ഡി.എക്ക് 14-16, ഇന്ത്യ മുന്നണിക്ക് 24-26 എന്നിങ്ങനെയാണ് സീറ്റുകൾ ലഭിക്കാനുള്ള സാധ്യത. കർണാടകയിൽ എൻ.ഡി.എ 8-10, ഇന്ത്യ മുന്നണി 18-20 എന്നിങ്ങനെയും സീറ്റുകൾ പ്രതീക്ഷിക്കുന്നു.
രാജസ്ഥാനിൽ എൻ.ഡി.എക്ക് 17-19 സീറ്റുകൾ പ്രതീക്ഷിക്കുമ്പോൾ ഇന്ത്യ മുന്നണിക്ക് 6-8 സീറ്റിനെ സാധ്യതയുള്ളൂ. കേരളത്തിൽ 16-18 വരെ സീറ്റുകൾ യു.ഡി.എഫ് നേടും. എൽ.ഡി.എഫിന് 2-3 സീറ്റുകളിലാണ് ജയസാധ്യത. ബി.ജെ.പിക്ക് ഒരു സീറ്റിനും സാധ്യതയുണ്ട്.
യു.പിയിൽ എൻ.ഡി.എക്ക് 46-48 സീറ്റുകളും ഇന്ത്യ മുന്നണിക്ക് 32-34 സീറ്റുകളും സർവേയിൽ ചൂണ്ടിക്കാട്ടി. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് 26-28 സീറ്റുകളിലും ബി.ജെ.പിക്ക് 11-13 സീറ്റുകളിലും കോൺഗ്രസിന് രണ്ടു മുതൽ നാലുവരെയും സീറ്റുകളും പ്രവചിക്കുന്നു.
പഞ്ചാബിൽ ആം ആദ്മി പാർട്ടി 6-8 സീറ്റുകളും കോൺഗ്രസ് 5-7 ഏഴ് സീറ്റുകളും നേടും. ഒഡിഷയിൽ ബി.ജെ.ഡി 12-14, ബി.ജെ.പി 6-8, കോൺഗ്രസ് 02 എന്നിങ്ങനെയാണ് പ്രവചനം. എന്നാൽ, മദ്ധ്യപ്രദേശിലും ഗുജറാത്തിലും എൻ.ഡി.എ വലിയ മുന്നേറ്റം നടത്തുമെന്നും സർവേയിലുണ്ട്.