കൊച്ചി– മെസ്സിയുടെ വരവിന്റെ പേരില്‍ നടന്നത് ദുരൂഹ ബിസിനസ് ഡീല്‍ ആണെന്ന് ആരോപിച്ച് ഹൈബി ഈഡന്‍ എംപി രംഗത്ത്. എറണാകുളം, കലൂര്‍ സ്റ്റേഡിയവുമായി ബന്ധപ്പെട്ട നവീകരണ വിവാദത്തിലാണ് രൂക്ഷ പ്രതികരണവുമായി ഹൈബി എത്തിയത്. മെസ്സി വരാത്ത സാഹചര്യത്തില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ സ്‌പോണ്‍സര്‍ക്ക് എന്താണ് അവകാശമെന്ന് മനസ്സിലാകുന്നില്ല.
മെസ്സിയുടെ സന്ദര്‍ശനവും കലൂര്‍ സ്‌റ്റേഡിയവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളേയും കരാറുകളേയും ധനസമാഹരണവും സംബന്ധിച്ച് പൊതുസമൂഹത്തിന് അറിയാന്‍ താത്പര്യമുണ്ട്. രാജ്യാന്തര സ്റ്റേഡിയത്തിന്റെ ഭാവി പോലും ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്. സ്‌റ്റേഡിയത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്താന്‍ ഏതു തരത്തിലുള്ള വൈദഗ്ദ്ധ്യമാണ് കമ്പനികള്‍ക്കുള്ളത്. ഇതിന് പാലിക്കേണ്ടുന്ന നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്ന് പരിശോധനാ വിധേയമാക്കണമെന്നും ഹൈബി ആവശ്യപ്പെട്ടു.
മെസ്സി വരാത്ത സാഹചര്യത്തില്‍ സ്റ്റേഡിയത്തില്‍ അടുത്തതായി നടത്താന്‍ പോവുന്ന നിര്‍മ്മാണ പ്രവര്‍ത്തനമെന്താണ്?. സ്റ്റേഡിയം വളപ്പിലെ മരങ്ങള്‍ മുറിച്ചുമാറ്റുകയാണ്. സര്‍ക്കാര്‍ ഭൂമിയിലെ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് നിരവധി കമ്മറ്റികളുടെ അനുമതി വേണം. ഈ അനുമതി വാങ്ങിയിട്ടുണ്ടോ? സര്‍ക്കാറിന്റെയോ മുഖ്യമന്ത്രിയുടേയോ കായിക മന്ത്രിയുടേയോ അറിവോടെയാണോ നിര്‍മ്മാണ കമ്പനിയുടെ നടപടിയെന്നും അദ്ദേഹം ചോദിച്ചു.
കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് എന്ന നിലയില്‍ ഫുട്‌ബോള്‍ ടീം നല്‍കുന്നതാണ് ജിസിഡിഎ -യുടെ പ്രധാന വരുമാനം. കേരളാ ബ്ലാസ്റ്റേഴ്‌സ് കൊച്ചിവിട്ടുപോകുന്നുവെന്നാണ് വാര്‍ത്തകള്‍- ഇത് ഞെട്ടിപ്പിക്കുന്ന ഒന്നാണ്. സ്റ്റേഡിയം അനിശ്ചിതത്വത്തിലാകുമ്പോള്‍ ലീഗ് മത്സരങ്ങള്‍ എങ്ങിനെ നടക്കുമെന്ന് കൂടി പറയേണ്ടതുണ്ടെന്നും സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ വിശാല കൊച്ചി വികസന അതോറിറ്റിക്ക് (ജിസിഡിഎ) നല്‍കിയ കത്തില്‍ ഹൈബി ഈഡന്‍ എംപി വ്യക്തമാക്കി.
നിരവധി സംശയങ്ങള്‍ ഉയര്‍ന്നുവെങ്കിലും മെസി കളിക്കുന്ന ഫുട്‌ബോള്‍ മത്സരം കൊച്ചിയില്‍ നടക്കുമെന്ന പ്രതീക്ഷയില്‍ ഇതുവരെ മിണ്ടാതിരിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.



