ഗാസ – വെടിനിര്‍ത്തല്‍ നിലവില്‍വന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും ഗാസ മുനമ്പിലെ മാനുഷിക ദുരന്തം മാറ്റമില്ലാതെ തുടരുന്നു. ഗാസ യുദ്ധം ഫലപ്രദമായി അവസാനിച്ചു എന്നതിന് ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്ന് വ്യക്തമായ ഉറപ്പുകളും അമേരിക്കയില്‍ നിന്ന് നേരിട്ടുള്ള സ്ഥിരീകരണങ്ങളും ലഭിച്ചതായി ഹമാസ് ഇന്നലെ വ്യക്തമാക്കി. എന്നാൽ, ഗാസ മുനമ്പിലെ മാനുഷിക സാഹചര്യങ്ങള്‍ മാറ്റമില്ലാതെ തുടരുകയാണ്. ഒക്ടോബര്‍ 10 ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നെങ്കിലും ഗാസ നിവാസികളുടെ ജീവിത സാഹചര്യങ്ങളില്‍ കാര്യമായ മാറ്റമൊന്നുമുണ്ടായിട്ടില്ല.


ഗാസ മുനമ്പിലേക്ക് സഹായങ്ങള്‍ എത്തുന്നുണ്ടെന്ന് ഇസ്രായില്‍ ആവര്‍ത്തിച്ച് അറിയിച്ചിട്ടുണ്ടെങ്കിലും മാനുഷിക സഹായങ്ങളുമായി പ്രതിദിനം 100 ല്‍ കൂടുതല്‍ ട്രക്കുകള്‍ ഗാസ മുനമ്പിലേക്ക് പ്രവേശിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ശേഷിക്കുന്ന ട്രക്കുകള്‍ സ്വകാര്യ മേഖലക്കുള്ള വാണിജ്യ വസ്തുക്കളാണ് എത്തിക്കുന്നത്.
ഗാസ മുനമ്പിലേക്ക് സഹായം എത്തിക്കാൻ ഇസ്രായിൽ നിർബന്ധമായും അനുവദിക്കണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതി വിധി ഇസ്രായില്‍ ഇപ്പോഴും ലംഘിക്കുന്നതായും ജനങ്ങളുടെ ദുരിതങ്ങള്‍ക്കിടയിലും ഉപരോധം കര്‍ശനമാക്കുകയാണെന്നും ഗാസ എന്‍.ജി.ഒ നെറ്റ്‌വര്‍ക്ക് ഡയറക്ടര്‍ അംജദ് അല്‍ശവാ പറയുന്നു. ചെറിയ അളവിലുള്ള പോഷക സപ്ലിമെന്റുകള്‍ മാത്രമാണ് ഗാസയില്‍ എത്തുന്നത്. മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങള്‍, ശുചിത്വ സാമഗ്രികള്‍ എന്നിവ ഗാസയിലേക്ക് അനുവദിക്കാന്‍ ഇസ്രായില്‍ വിസമ്മതിക്കുകയാണെന്നും അംജദ് അല്‍ശവാ പറഞ്ഞു.


വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം സഹായവസ്തുക്കളുമായി എത്തുന്ന 600 ട്രക്കുകള്‍ക്ക് പ്രതിദിനം ഗാസയില്‍ പ്രവേശിക്കാവുന്നതാണ്. എന്നാൽ,
ചില പ്രത്യേക വസ്തുക്കള്‍ക്കു മാത്രം അനുമതി നല്‍കിയും മാനുഷിക സഹായ പ്രവേശനത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും ഇസ്രായില്‍ ഇപ്പോഴും പട്ടിണി നയം നടപ്പാക്കുന്നതായി ഗാസയിലെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് പറഞ്ഞു.
വെടിനിര്‍ത്തല്‍ നിലവില്‍വന്നതു മുതല്‍, ഗാസ മുനമ്പിലെ മാനുഷിക ദുരന്തം മാറ്റമില്ലാതെ തുടരുന്നതായി ഗാസ സിവില്‍ ഡിഫന്‍സ് അതോറിറ്റി പറഞ്ഞു. ദുരിതബാധിതരുടെ ഏറ്റവും കുറഞ്ഞ ആവശ്യങ്ങള്‍ പോലും നിറവേറ്റുന്നില്ലെന്നും പരിമിതമായ എണ്ണം ട്രക്കുകളുടെ പ്രവേശനം ഒഴികെ യഥാര്‍ഥത്തില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നും ഗാസ സിവില്‍ ഡിഫന്‍സ് അതോറിറ്റി പറഞ്ഞു.
വീടുകള്‍ തകര്‍ന്നു കിടക്കുന്നു, മൃതദേഹങ്ങള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നു, റോഡുകള്‍ അവശിഷ്ടങ്ങള്‍ കൊണ്ട് തടസ്സപ്പെട്ടിരിക്കുന്നു ഇത്തരത്തിൽ എല്ലാ പ്രദേശങ്ങളിലും വ്യാപിച്ചുകിടക്കുന്ന വന്‍ നാശനഷ്ടങ്ങള്‍ക്കിടയില്‍ അതോറിറ്റി ജീവനക്കാര്‍ കാര്യമായ ഒരു സംവിധാനങ്ങളും ഉപകരണങ്ങളുമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഗാസ മുനമ്പിന്റെ പുനര്‍നിര്‍മ്മാണം ആരംഭിക്കാനും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനും മുനമ്പിലുടനീളം താമസിക്കുന്നവര്‍ അനുഭവിക്കുന്ന മാനുഷിക ദുരിതങ്ങള്‍ ലഘൂകരിക്കാനും, റോഡുകള്‍ തുറക്കാനും അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് മൃതദേഹങ്ങള്‍ വീണ്ടെടുക്കാനും ആവശ്യമായ വലിയ ഉപകരണങ്ങളും യന്ത്രങ്ങളും എത്തിക്കാനും ഉടനടി നടപടികള്‍ സ്വീകരിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോടും സംഘടനകളോടും മനുഷ്യാവകാശ സംഘടനകളോടും സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനും ആവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും തുടര്‍ച്ചയായി നിഷേധിക്കുന്നത് മാനുഷിക ദുരന്തത്തെ കൂടുതല്‍ വഷളാക്കുകയും രക്ഷാപ്രവര്‍ത്തകരുടെ ദൗത്യം തടസ്സപ്പെടുത്തുകയും ആയിരക്കണക്കിന് കുടുംബങ്ങളെ വേദനയും ദാരിദ്ര്യവും അനുഭവിക്കുന്ന അവസ്ഥയിലേക്ക് തള്ളിവിടുകയും ചെയ്യുമെന്ന് സിവില്‍ ഡിഫന്‍സ് പറഞ്ഞു.
നിയന്ത്രണങ്ങളോ കാലതാമസമോ ഇല്ലാതെ വലിയ ഉപകരണങ്ങളും എന്‍ജിനീയറിംഗ് യന്ത്രങ്ങളും ക്രോസിംഗുകളിലൂടെ അടിയന്തിരമായി പ്രവേശിപ്പിക്കണമെന്നും തകര്‍ന്ന പ്രദേശങ്ങളില്‍ രക്ഷാസംഘങ്ങളുടെയും മെഡിക്കല്‍ ജീവനക്കാരുടെയും പ്രവര്‍ത്തനത്തിനായി സുരക്ഷിതമായ മാനുഷിക ഇടനാഴികള്‍ ഒരുക്കണമെന്നും, അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനും മൃതദേഹങ്ങള്‍ വീണ്ടെടുക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ പുനരധിവസിപ്പിക്കാനും അടിയന്തിര ലോജിസ്റ്റിക്കല്‍, സാമ്പത്തിക സഹായം നല്‍കണമെന്നും സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ക്കും എല്ലാ തൊഴിലാളികള്‍ക്കും നിയമപരവും മാനുഷികവുമായ സംരക്ഷണം ഉറപ്പാക്കണമെന്നും ഗാസ സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു.



