ഇറാൻ കേന്ദ്രീകരിച്ചുള്ള അന്താരാഷ്ട്ര അവയവക്കച്ചവട സംഘത്തിന് കേരളത്തിലെ ചില പ്രമുഖ സ്വകാര്യ ആശുപത്രികൾ സഹായം നൽകിയെന്ന് കേസിലെ മുഖ്യപ്രതി എൻഐഎയ്ക്ക് മൊഴി നൽകി. എറണാകുളം സ്വദേശിയായ മധു ജയകുമാർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
2019 മുതൽ 2024 മേയ് വരെ കേരളത്തിൽനിന്ന് മാത്രം നൂറോളം പേരെ ഇറാനിലേക്ക് കടത്തി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയെന്നാണ് എൻഐഎയുടെ പ്രാഥമിക കണ്ടെത്തൽ. ഡൽഹി, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം നടക്കുന്നത്.
ഈ മാസം 8-ന് ഇറാൻ വഴി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഉടനെ മധു ജയകുമാറിനെ എൻഐഎ അറസ്റ്റ് ചെയ്തു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 19 വരെ എൻഐഎ കസ്റ്റഡിയിൽ വിട്ടുകൊടുത്തു. ആശുപത്രികളുടെ പേരുവിവരങ്ങൾ, ഉൾപ്പെട്ട ഡോക്ടർമാരുടെ പട്ടിക, രോഗികളുടെ കോൺഫിഡൻഷ്യൽ ഡാറ്റ ചോർന്ന വിവരം തുടങ്ങിയ നിർണായക തെളിവുകൾ മധു കൈമാറിയതോടെ കേസ് പുതിയ ഘട്ടത്തിലേക്ക് കടന്നു. ഉത്തരേന്ത്യയിലെ പ്രധാന റാക്കറ്റുമായുള്ള ബന്ധവും എൻഐഎ പരിശോധിക്കുന്നുണ്ട്.



