- ജോര്‍ദാനില്‍ നിന്ന് നുഴഞ്ഞുകയറിയ ഹിസ്ബുല്ലയുടെ ആക്രമണത്തില്‍ രണ്ടു സൈനികര്‍ക്ക് പരിക്ക്
ബെയ്റൂത്ത് – ദക്ഷിണ ലെബനോനിലും ഇസ്രായില്‍ അതിര്‍ത്തിയിലും ഹിസ്ബുല്ലയും ഇസ്രായില്‍ സൈന്യവും പൊരിഞ്ഞ പോരാട്ടം തുടരുന്നു. ലെബനോന്‍ അതിര്‍ത്തിയില്‍ പോരാട്ടത്തില്‍ ഗോലാനി ബ്രിഗേഡിലെ അഞ്ചു സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം ഇന്ന് അറിയിച്ചു. മേജര്‍ ഒഫിക് ബകര്‍ (24), ക്യാപ്റ്റന്‍ എലാദ് സിമാന്‍ ടോവ് (23), സര്‍ജന്റ് എലിയാഷിവ് ഈറ്റന്‍ ഫെഡര്‍ (22), സര്‍ജന്റ് യാക്കോവ് ഹില്ലേല്‍ (21), യഹൂദ ദ്രോര്‍ യെഹിലോം എന്നീ സൈനികരാണ് ദക്ഷിണ ലെബനോനില്‍ കൊല്ലപ്പെട്ടത്. പോരാട്ടത്തില്‍ ഒമ്പതു ഇസ്രായിലി സൈനികര്‍ക്ക് പരിക്കേറ്റു. ഇവരെ ഇസ്രായിലിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അഞ്ചു സൈനികര്‍ കൂടി കൊല്ലപ്പെട്ടതോടെ ഒരു വര്‍ഷത്തിനിടെ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ഇസ്രായിലി സൈനികരുടെ എണ്ണം 745 ആയി.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ ഏഴിന് ഇസ്രായില്‍ ഗാസ യുദ്ധം ആരംഭിക്കുകയും ഹിസ്ബുല്ല ഗാസക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതിനു പിന്നാലെ ദക്ഷിണ ലെബനോനിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇസ്രായിലി സൈന്യവും ഹിസ്ബുല്ലയും പരസ്പരം വെടിവെപ്പ് നടത്തിവരികയായിരുന്നു. ഈ മാസം ഒന്നു മുതല്‍ ദക്ഷിണ ലെബനോനില്‍ ഇസ്രായില്‍ കരയാക്രമണവും ആരംഭിച്ചു. ദക്ഷിണ ലെബനോനില്‍ അല്‍തൈബ ഏരിയയിലെ ഹിസ്ബുല്ല കമാണ്ടര്‍ മുഹമ്മദ് ഹുസൈന്‍ രിമാലിനെ വധിച്ചതായി ഇസ്രായിലി സൈന്യം ഇന്ന് പ്രസ്താവനയില്‍ അറിയിച്ചു.
ദക്ഷിണ ലെബനോനിലെ ഈതാ അല്‍ശഅബ് ഏരിയയില്‍ ഇസ്രായിലി സൈനികരുടെ കൂട്ടങ്ങളും ഇസ്രായിലിലെ സഫ്‌ലോന്‍ കുടിയേറ്റ കോളനിയും ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതായി ഹിസ്ബുല്ലയും അറിയിച്ചു. പരിക്കേറ്റ സൈനികരെയും കൊല്ലപ്പെട്ട സൈനികരെയും നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഈതാ അല്‍ശഅബ് ഏരിയയില്‍ ഇസ്രായിലി സൈനികരെ ലക്ഷ്യമിട്ട് രണ്ടാമതും ശക്തമായ മിസൈല്‍ ആക്രമണം നടത്തിയതായി ഹിസ്ബുല്ല പറഞ്ഞു. ഇസ്രായിലിലെ ഹൈഫയും അപ്പര്‍ ഗലീലിയും ലക്ഷ്യമിട്ട് ഹിസ്ബുല്ല 15 മിസൈലുകള്‍ തൊടുത്തുവിട്ടതായി ഇസ്രായിലി സൈന്യം പറഞ്ഞു. ഇതില്‍ ചിലത് വെടിവിച്ചിട്ടു. ഇന്നലെ രാത്രി സമുദ്രത്തിനു മുകളില്‍ വെച്ച് ഹിസ്ബുല്ലയുടെ ഡ്രോണ്‍ വെടിവെച്ചിട്ടതായും ഇസ്രായിലി സൈന്യം പറഞ്ഞു.
മറ്റൊരു സംഭവത്തില്‍, ജോര്‍ദാന്‍ വാലിയിലെ ചാവുകടലിനു സമീപമുണ്ടായ വെടിവെപ്പില്‍ രണ്ടു ഇസ്രായിലി സൈനികര്‍ക്ക് പരിക്കേറ്റു. ആക്രമണം നടത്തിയ രണ്ടു ജോര്‍ദാനികളെ ഇസ്രായില്‍ സൈന്യം വെടിവെച്ചുകൊന്നു. ജോര്‍ദാനില്‍ നിന്ന് ഏതാനും സായുധധാരികള്‍ ചാവുകടലിന് തെക്ക് ഇസ്രായിലിലേക്ക് നുഴഞ്ഞുകയറുകയായിരുന്നു. ഇവര്‍ ഇസ്രായിലി സൈനികരുമായി ഏറ്റുമുട്ടി. പ്രദേശം അരിച്ചുപെറുക്കാന്‍ കൂടുതല്‍ സൈന്യത്തെ അയച്ചതായി ഇസ്രായിലി സൈനിക വക്താവ് അവിചായ് അഡ്രഇ പറഞ്ഞു. സംഭവസ്ഥലത്തു നിന്ന് ഓടിപ്പോയെന്ന് സംശയിക്കുന്ന മറ്റൊരു ആയുധധാരിക്കു വേണ്ടി വ്യോമസേനയുടെ സഹായത്തോടെ ശക്തമായ തിരച്ചിലുകള്‍ തുടരുകയാണെന്നും സൈനിക വക്താവ് പറഞ്ഞു.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിന് വെസ്റ്റ് ബാങ്കിനെയും ജോര്‍ദാനെയും ബന്ധിപ്പിക്കുന്ന, ഇസ്രായിലിന്റെ നിയന്ത്രണത്തിലുള്ള അല്ലെന്‍ബി ബോര്‍ഡര്‍ ക്രോസിംഗില്‍ ജോര്‍ദാനി യുവാവ് മാഹിര്‍ അല്‍ജാസി നടത്തിയ വെടിവെപ്പില്‍ മൂന്നു ഇസ്രായിലി സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. മാഹിര്‍ അല്‍ജാസിയെ പിന്നീട് ഇസ്രായില്‍ സൈന്യം പ്രത്യാക്രമണത്തിലൂടെ വധിച്ചു. ഗാസയില്‍ ഹമാസ് നേതാവ് യഹ്‌യ അല്‍സിന്‍വാറിനെ കൊലപ്പെടുത്തിയതായി ഇസ്രായില്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ജോര്‍ദാനില്‍ നിന്നുള്ള സായുധ പോരാളികള്‍ ഇസ്രായിലില്‍ നുഴഞ്ഞുകയറി ഇന്ന് രാവിലെ ആക്രമണത്തിന് ശ്രമിച്ചത്.