- നെതന്യാഹുവിന്റെ വസതിക്കു മേലും ഡ്രോൺ പതിച്ചതായി പ്രധാനമന്ത്രിയുടെ ഒഫീസ്
തെൽ അവീവ്: ഹമാസ് തലവൻ യഹ്‌യ സിൻവാറിന്റെ മരണത്തിനു പിന്നാലെ ഇസ്രായിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ഡ്രോൺ ആക്രമണം. ഇന്ന് രാവിലെ തെൽ അവീവിനും ഹൈഫയ്ക്കും ഇടയിലുള്ള തീരനഗരമായ സീസറിയയിലെ നെതന്യാഹുവിന്റെ വീടിനു നേർക്കാണ് ഡ്രോൺ ആക്രമണം നടന്നത്.
ലെബനാനിൽനിന്ന് മൂന്ന് മിസൈലുകൾ സീസറിയ ലക്ഷ്യമിട്ട് എത്തിയതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് സ്ഥിരീകരിച്ചു. ഇതിൽ രണ്ടെണ്ണം തകർത്തതായും അവകാശപ്പെട്ടു. ഡ്രോൺ ആക്രമണത്തിൽ സീസറിയയിൽ വൻ സ്‌ഫോടനമുണ്ടായതായും വ്യക്തമാക്കി. ആക്രമണ സമയത്ത് നെതന്യാഹു സ്ഥലത്തുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. ആക്രമണത്തിൽ ആർക്കും പരുക്കില്ലെന്നും ഇസ്രായേൽ മാധ്യമങ്ങൾ റിപോർട്ട് ചെയ്തു.
അതിനിടെ വടക്കന്‍ ഗസയിലെ ജബലിയ, മഗാസി അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്കു നേരെ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ 44 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. 80ലേറെ പേര്‍ക്ക് പരിക്കുണ്ട്. വടക്കന്‍ ഗസയിലെ തന്നെ അല്‍ ഓദ, കമാല്‍ അദ്വാന്‍ എന്നീ ആശുപത്രികള്‍ക്കു നേരേയും ഇസ്രായീല്‍ ആക്രമണം ഉണ്ടായി.
യഹ്‌യ സിന്‍വാര്‍ കൊല്ലപ്പെട്ടുവെങ്കിലും ഹമാസ് നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. ഗസയിലെ അതിക്രമങ്ങള്‍ ഇസ്രായില്‍ അവസാനിപ്പിക്കുകയും ഫലസ്തീനി തടവുകാരെ മോചിതരാക്കുകയും ചെയ്താല്‍ മാത്രമെ തങ്ങളുടെ കസ്റ്റഡിയിലുള്ള ഇസ്രായിലി തടവുകാരെ മോചിപ്പിക്കൂവെന്ന് ഹമാസ് വ്യക്തമാക്കി.