ഗാസ – യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശിച്ച സമാധാന പദ്ധതി ഹമാസ് അംഗീകരിച്ചതായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഗാസയിലെങ്ങും ആഘോഷങ്ങള്‍. രണ്ടു വര്‍ഷമായി ഗാസ മുനമ്പില്‍ തുടരുന്ന ഇസ്രായിലി ആക്രമണം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ഈ പദ്ധതി മുന്നോട്ട് വെച്ചത്.
2023 ഒക്ടോബര്‍ ഏഴിനാണ് ഇസ്രായില്‍ ഗാസയില്‍ യുദ്ധം ആരംഭിച്ചത്. യുദ്ധത്തിനിടെ വീട് വിട്ട് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായവരും അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ഈ വാർത്ത കേട്ട് ആഹ്ലാദം പ്രകടിപ്പിച്ച് അര്‍ധരാത്രിയില്‍ തന്നെ തെരുവുകളില്‍ ഇറങ്ങി.
ഹമാസ് അതിന്റെ നേതാക്കള്‍, മറ്റു ഫലസ്തീന്‍ വിഭാഗങ്ങള്‍, പ്രാദേശിക, അന്തര്‍ദേശീയ മധ്യസ്ഥര്‍ എന്നിവരുമായി നടത്തിയ വിപുലമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് ട്രംപിന്റെ സമാധാന പദ്ധതി അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചത്. വെടിനിര്‍ത്തല്‍, ബന്ദി കൈമാറ്റം, ഗാസയില്‍ മാനുഷിക സഹായങ്ങള്‍ പ്രവേശിപ്പിക്കല്‍, ഗാസ മുനമ്പിലെ അധിനിവേശം നിരാകരിക്കല്‍, ഫലസ്തീന്‍ ജനതയെ ഗാസയില്‍ നിന്ന് കുടിയിറക്കല്‍ നിരാകരിക്കല്‍ തുടങ്ങിയ പ്രധാന വ്യവസ്ഥകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ദേശീയ സമവായവും അറബ്, ഇസ്‌ലാമിക രാജ്യങ്ങളുടെ പിന്തുണയും ഉള്ള സ്വതന്ത്ര സാങ്കേതിക വിദഗ്ധര്‍ അടങ്ങിയ ഫലസ്തീന്‍ അതോറിറ്റിയിലൂടെ ഗാസ മുനമ്പിന്റെ ഭരണം നടത്താനുള്ള നിര്‍ദേശങ്ങളും പദ്ധതിയില്‍ അടങ്ങിയിരുന്നു.
https://twitter.com/i/status/1974210442076573949