കൽപ്പറ്റ: വയനാട് ദുരന്തത്തിൽ കാണാതായവർക്കുള്ള തിരിച്ചിലും രക്ഷപ്പെട്ടവർക്കുള്ള പുനരധിവാസ പ്രവർത്തനങ്ങളും ഊർജിതമായി മുന്നോട്ടു പോകവേ, മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവരുടെ പട്ടിക പുറത്തുവിട്ട് സർക്കാർ.
138 പേരാണ് കാണാതായവരുടെ പട്ടികയിലുള്ളത്. കാണാതായവരുടെ പേരും വിലാസവും ഫോട്ടോയും അടങ്ങിയ പട്ടികയാണ് സർക്കാർ പുറത്തുവിട്ടത്. ആദ്യഘട്ട കണക്കുകളിലെ വിവരങ്ങളാണിവ. 152 പേരെ കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക വിവരം. ഇതുവരെ 46 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ലെന്നും സർക്കാർ റിപോർട്ടിൽ വ്യക്തമാക്കി.
ദുരന്തത്തിൽ കാണാതായവർക്കായി സൺറൈസ് വാലിയിലും ചാലിയാറിലുമടക്കം ഒൻപതാം ദിനത്തിലും തിരച്ചിൽ തുടരുകയാണ്.
അതിനിടെ, ചാലിയാർ പുഴയിലെ നിലമ്പൂർ അകമ്പാടം പാലത്തിന് സമീപത്ത് വച്ച് ഇന്ന് ഒരു മൃതദേഹം ലഭിച്ചു.
ഇതുവരെ 224 മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തു. 178 ബോഡി ബന്ധുക്കൾക്ക് കൈമാറി. ദുരന്തത്തിൽ ഇതുവരെ 413 പേരാണ് മരിച്ചത്. ദുരിത ബാധിതർക്ക് മൊറട്ടോറിയം ഏർപ്പെടുത്തണമെന്ന് സർക്കാർ ബാങ്കുകളോടും ധനകാര്യ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു. ദുരന്തപശ്ചാത്തലത്തിൽ ഇരകളുടെ കുടുംബങ്ങളിൽനിന്ന് നിശ്ചിതകാലത്തേക്ക് വായ്പകളുടെ തിരിച്ചടവ് ഒഴിവാക്കണമെന്നും നിർദേശിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group