പാരിസ്: ഒളിംപിക്സ് ഗുസ്തി ഫൈനലിലെ അയോഗ്യതയെ തുടര്‍ന്ന് ഇന്ത്യയുടെ അന്താരാഷ്ട്ര ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചു. ‘ഗുഡ്ബൈ റസ്ലിങ്, ഇനി മത്സരിക്കാന്‍ കരുത്ത് ബാക്കിയില്ല. സ്വപ്നങ്ങള്‍ തകര്‍ന്നു’. ഗുസ്തിയോട് വിടപറയുകയാണെന്ന് സമൂഹമാധ്യമങ്ങളില്‍ കുറിച്ചാണ് വിനേഷ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ‘എനിക്കെതിരായ മത്സരത്തില്‍ ഗുസ്തി ജയിച്ചു, ഞാന്‍ പരാജയപ്പെട്ടു..
ക്ഷമിക്കൂ, നിങ്ങളുടെ സ്വപ്നങ്ങളും എന്റെ ധൈര്യവും നശിച്ചു. ഇനിയെനിക്ക് ശക്തിയില്ല. ഗുഡ് ബൈ റസ്ലിങ് 2001-2024. എല്ലാവരോടും ഞാന്‍ എന്നും കടപ്പെട്ടിരിക്കും. ക്ഷമിക്കൂ’, തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് അവര്‍ എക്സില്‍ കുറിച്ചു.
ഗുസ്തി ഫൈനലിലെ അയോഗ്യതക്കെതിരെ വിനേഷ് ഫോഗട്ട് നല്കിയ അപ്പീലില്‍ കായിക കോടതിയുടെ വിധി ഇന്ന് വരാനിരിക്കെയാണ് വിരമിക്കല്‍ പ്രഖ്യാപനം. വിധി അനുകൂലമെങ്കില്‍ വിനേഷ് വെള്ളി മെഡല്‍ പങ്കിടാം. ഗുസ്തിയില്‍ ഇന്ത്യയുടെ സ്വര്‍ണ്ണ പ്രതീക്ഷയായിരുന്നു വിനേഷ്. എന്നാല്‍ ഭാരപരിശോധനയില്‍ 100 ഗ്രാം അധികം കണ്ടെത്തിയത്തോടെയായിരുന്നു അയോഗ്യയാക്കിയത്.
ഗുസ്തി ഫ്രീസ്റ്റൈല്‍ 50 കിലോ വിഭാഗത്തില്‍ മല്‍സരങ്ങളുടെ ആദ്യ ദിവസം രാവിലെ നടന്ന ഭാരപരിശോധനയില്‍ 49.9 കിലോ ആയിരുന്നു വിനേഷ് ഫോഗറ്റിന്റെ ഭാരം. തുടര്‍ച്ചയായി മത്സരങ്ങളില്‍ പങ്കെടുത്ത വിനേഷ് നിര്‍ജലീകരണം തടയാന്‍ തലേ ദിവസം വെള്ളം കുടിക്കുകയും വേഗം ഊര്‍ജം ലഭിക്കുന്ന പ്രോട്ടീന്‍ ഭക്ഷണം കൂടുതല്‍ കഴിക്കുകയും ചെയ്തു. പിന്നീട് ഭാരപരിശോധനയില്‍ 52.7 കിലോയുണ്ടെന്ന് കണ്ടെത്തി. ഇതോടെ ഭാരം കുറയ്ക്കാന്‍ കഠിനപരിശ്രമം നടത്തി. പിന്നീട് മല്‍സരദിവസം രാവിലെ നടന്ന പരിശോധനയിലാണ് താരത്തിന് 100 ഗ്രാം ഭാരം അധികം ഉണ്ടെന്ന് കണ്ടെത്തിയത്.