ഷാര്‍ജ-കേരളത്തിലേതുള്‍പ്പെടെ ഇന്ത്യന്‍ നഗരങ്ങളിലേക്ക് കുറഞ്ഞതും ആകര്‍ഷകവുമായ നിരക്കില്‍ പറക്കാന്‍ സൗകര്യമൊരുക്കി യുഎഇയിലെ ഷാര്‍ജ ആസ്ഥാനമായുള്ള എയര്‍അറേബ്യ. ഗള്‍ഫിലെ ചില കേന്ദ്രങ്ങളിലേക്ക് 149 യുഎഇ ദിര്‍ഹം (ഏകദേശം 3,480 ഇന്ത്യന്‍രൂപ) മുതല്‍ വണ്‍വേ ടിക്കറ്റ് ലഭ്യമാണ്. കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് 315 ദിര്‍ഹം (ഏകദേശം 7360 രൂപ) മുതലാണ് നിരക്ക്. ചെന്നൈയിലേക്ക് 275 ദിര്‍ഹം (6420 രൂപ) മാത്രം നല്‍കിയാല്‍ മതിയാവും. ജൂണ്‍ 30 ന് തുടങ്ങിയ പ്രമോഷന്‍ നിരക്ക് ജൂലൈ ആറു വരെ ലഭ്യമാവും. ജൂലൈ ആറു വരെ ബുക് ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുകയെന്നും ജൂലൈ 14 മുതല്‍ സപ്തംബര്‍ 30 വരെയുള്ള കാലയളവില്‍ യാത്ര ചെയ്താല്‍ മതിയെന്നും എയര്‍അറേബ്യ അറിയിച്ചു. വേനലവധിക്കാല യാത്രക്ക് തയ്യാറാകുന്നവര്‍ക്ക് ഏറെ പ്രയോജനപ്രദമാണ് ഈ നിരക്കുകളെന്ന് വിലയിരുത്തപ്പെടുന്നു.
അബൂദബിയില്‍ നിന്ന് കൊച്ചിയിലേക്ക് വണ്‍വേ ടിക്കറ്റിന് 315 ദിര്‍ഹംമുതല്‍ ലഭ്യമാണ്. അബൂദബിയില്‍ നിന്ന് തിരുവനന്തപുരത്തേക്കാകട്ടെ വണ്‍വേ ടിക്കറ്റ് 325 ദിര്‍ഹമിന് ലഭിക്കും. ഏകദേശം ഇന്ത്യന്‍ രൂപ 7590 വരും. ഈ ആനുകൂല്യങ്ങള്‍ക്ക് പുറമെ മറ്റു ഇന്ത്യന്‍ നഗരങ്ങളിലേക്കും എയര്‍അറേബ്യ ആകര്‍ഷണീയ നിരക്കുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഷാര്‍ജയില്‍ നിന്ന് അഹമദാബാദിലേക്ക് 317 ദിര്‍ഹം (7390 രൂപ) ആണ് നല്‍കേണ്ടതെങ്കില്‍ ഷാര്‍ജ-മുംബൈ വിമാനത്തില്‍ യാത്ര ചെയ്യാന്‍ 323 ദിര്‍ഹം (7530 രൂപ) ആണ് നല്‍കേണ്ടത്. ഷാര്‍ജയില്‍ നിന്ന് ബഹ്‌റൈനിലേക്കും മസ്‌കത്തിലേക്കും യാത്ര ചെയ്യാന്‍ നിരക്കുകളില്‍ നല്ല ഇളവുണ്ട്. 149 ദിര്‍ഹം മുതല്‍ അവ ലഭ്യമാണ്. ദമാമിലേക്കും റിയാദിലേക്കും കുവൈത്ത് സിറ്റി, സലാല തുടങ്ങിയ വിമാനത്താവളങ്ങളിലേക്ക് 199 ദിര്‍ഹം ആണ് ഈടാക്കുന്നതെങ്കിലല്‍ അഭ, തബൂക്ക്, യാന്‍ബു എന്നീ സൗദി നഗരങ്ങളിലേക്ക് 298 ദിര്‍ഹം ആണ് നല്‍കേണ്ടത്. ദോഹയിലേക്ക് പറക്കാന്‍ 399 യുഎഇ ദിര്‍ഹം നല്‍കണം. അതേസമയം ജിദ്ദ, മദീന എന്നീ സ്ഥലങ്ങളിലേക്ക് 449 ദിര്‍ഹമും തായിഫിലേക്ക് 574 ദിര്‍ഹവുമാണ് എയര്‍അറേബ്യ ഈടാക്കുക. ഈ നിരക്കുകള്‍ മലയാളികള്‍ ഉള്‍പ്പെടെ പ്രവാസികള്‍ക്കും അവധിക്കാല യാത്രക്ക് പ്രയോജനപ്രദമാവും.