കോഴിക്കോട് – സ്വര്‍ണ്ണവില കുത്തനെ ഉയരുമ്പോള്‍ കല്യാണം ഉറപ്പിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ ഉള്ള് പിടയ്ക്കുകയാണ്. ഇത്തിരിയെങ്കിലും സ്വര്‍ണ്ണാഭരണങ്ങളില്ലാതെ പെണ്ണിനെ എങ്ങനെ കല്യാണ പന്തലില്‍ ഇറക്കുമെന്ന ആധിയിലാണ് മാതാപിതാക്കള്‍. ഇപ്പോഴത്തെ സ്വര്‍ണ്ണ വിലയനുസരിച്ച് പണിക്കൂലിയടക്കം ഒരു പവന്‍ സ്വര്‍ണ്ണാഭരണം കിട്ടണമെങ്കില്‍ ചുരുങ്ങിയത് 73,000 രൂപയെങ്കിലും വേണം. കല്യാണമെന്ന് പറയുന്നത് തന്നെ ഇപ്പേങറ്റ നാലും അഞ്ചും ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയാണ്. അതിനുള്ള ചെലവ് തന്നെ എങ്ങനെ കണ്ടെത്തുമെന്ന ആധിയില്‍, പെണ്ണിന്റെ സ്വര്‍ണ്ണത്തിന്റെ കാര്യം കൂടി ആലോചിക്കുമ്പോള്‍ തരക്കേടില്ലാത്ത സാമ്പത്തിക സ്ഥിതിയുള്ളവരുടെ പോലും തലപെരുക്കും.
എന്നാല്‍ കല്യാണമുറപ്പിച്ച പെണ്‍കുട്ടികള്‍ക്ക് അതിനെക്കുറിച്ച് ഇപ്പോള്‍ യാതൊരു ടെന്‍ഷനുമില്ല. അവര്‍ക്ക് സ്വര്‍ണ്ണ വില കൂടിയാലെന്ത് കുറഞ്ഞാലെന്ത്. കല്യാണത്തിനും അനുബന്ധ ചടങ്ങുകള്‍ക്കുമായി സ്വര്‍ണ്ണം പോലും തോല്‍ക്കുന്ന, ട്രെന്‍ഡിംഗ് വാടക ആഭരണങ്ങള്‍ ചുരുങ്ങിയ വാടകയ്ക്ക് കിട്ടാനുണ്ട്. നാലും അഞ്ചും ദിവസം നീണ്ടുനില്‍ക്കുന്ന ഇപ്പോഴത്തെ കല്യാണ ചടങ്ങുമായി ബന്ധപ്പെട്ട് ഓരോ ദിവസവും വസ്ത്രത്തിനനുസരിച്ച് മാച്ച് ചെയ്ത് ഇഷ്ടം പോലെ വാടക ആഭരണങ്ങള്‍ ധരിക്കുന്നതാണ് ഇപ്പോഴത്തെ ഫാഷന്‍. അതും സ്വര്‍ണ്ണവും വജ്രവുമെല്ലാം തോറ്റുപോകുന്ന ഭംഗിയിലും ഡിസൈനുകളിലുമുള്ള ആഭരണങ്ങള്‍.
സ്വര്‍ണ്ണത്തിന് അടുത്ത കാലത്തായി വില കുത്തനെ ഉയര്‍ന്നതോടെ പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ ഇപ്പോള്‍ വാടക ആഭരണത്തിന് പിന്നാലെയാണ്. ഒരു തരിയെങ്കിലും സ്വര്‍ണ്ണം വേണമെന്ന് ആഗ്രഹമുള്ളവരാകട്ടെ വണ്‍ഗ്രാം സ്വര്‍ണ്ണത്തിന് പിന്നാലെയാണ്. അതുമെല്ലെങ്കില്‍ 22 കാരറ്റില്‍ കുറഞ്ഞ, അത്യാത് 18, 14 കാരറ്റ് ലൈറ്റ് വെയ്റ്റ് സ്വര്‍ണ്ണാഭരങ്ങള്‍ പൊള്ളുന്ന വില നല്‍കാതെ സ്വന്തമാക്കാനുമാകും.
കല്യാണപ്പെണ്ണ് സ്വന്തം കുടുംബത്തിലുള്ളവരുടെയോ സൃഹൃത്തുക്കളുടെയോ മറ്റോ ചെറിയ ഒരു സ്വര്‍ണ്ണാഭരണമോ അല്ലെങ്കില്‍ വജ്രാഭരണമോ ധരിച്ചുപോയാല്‍ ആളുകള്‍ അതിനെ അടുത്ത കാലം വരെ കുറ്റം പറയുമായിരുന്നു. പറഞ്ഞ സ്വര്‍ണ്ണം നല്‍കാതെ ചെക്കന്റെ വീട്ടുകാരെ പറ്റിച്ചുവെന്ന് കല്യാണം കഴിയുന്നതിന് മുന്‍പ് തന്നെ പരാതി ഉയരും. എന്നാല്‍ അതെല്ലാം ഇപ്പോള്‍ വെറും കഥകളായി മാറി. ആവശ്യത്തിന് സ്വര്‍ണ്ണമുള്ള വധുക്കള്‍ പോലും ഒന്നു കൂടി മിനുങ്ങാനായി ആഭരണങ്ങള്‍ വാടകക്കെടുക്കുകയാണ്. പേരിന് മാത്രം സ്വര്‍ണ്ണാഭരങ്ങള്‍ ഉള്ളവരാകട്ടെ ബാക്കി മുഴുവന്‍ വാടക ആഭരണങ്ങളായിരിക്കും. കണ്ടാല്‍ നൂറ് പവന്‍ സ്വര്‍ണ്ണം കൊണ്ട് ശരീരം മൂടിയ പോലെയായിരിക്കും നില്‍പ്പും. പക്ഷേ ഇതിന് ഒരു ദിവസത്തെ ആയുള്ളേ ഉള്ളൂ. പിറ്റേദിവസം ആഭരണങ്ങള്‍ നല്ല തുകയുടെ വാടകയ്‌ക്കൊപ്പം തിരിച്ചു നല്‍കണമെന്ന് മാത്രം.
സ്വര്‍ണ്ണത്തിന് വില കുത്തനെ കൂടുകയും പെണ്‍കുട്ടികള്‍ ട്രെന്‍ഡിംഗ് ആഭരണങ്ങള്‍ക്ക് പിന്നാലെ പായുകയും ചെയ്തതോടെ കേരളത്തില്‍ ആഭരണങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്ന സ്ഥാപനങ്ങള്‍ കൂണുകള്‍ പോലെ മുളച്ച് പൊന്തുകയാണ്. സ്വര്‍ണ്ണം പോലെ തോന്നിക്കുന്ന ഇമിറ്റേറ്റഡ് ആഭരണങ്ങള്‍ വിറ്റിരുന്നവരില്‍ നല്ലൊരു പങ്കും ഇപ്പോള്‍ ആഭരണങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്ന തൊഴിലിലേക്ക് തിരിഞ്ഞിരിക്കുകയാണ്. സ്വര്‍ണ്ണത്തിന്റെ മോഡലിലുള്ള ആഭരണങ്ങള്‍ മാത്രമല്ല, അതിമനോഹരമായി കല്ലുകളും മുത്തുകളുമെല്ലാം പതിപ്പിച്ച വജ്രത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയുമെല്ലാം ഡ്യൂപ്ലിക്കേറ്റ് ആഭരണങ്ങള്‍ ഇഷ്ടം പോലെ വാടകയ്ക്ക് കിട്ടും.
കല്യാണത്തോടനുബന്ധിച്ച് ഇപ്പോള്‍ ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന ചടങ്ങുകളാണ്. ഇതൊക്കെ നടത്തിയാല്‍ മാത്രമേ കല്യാണം ഒന്ന് കളര്‍ഫുള്ളാകുകയുള്ളൂ. ഉത്തരേന്ത്യയിലെ കല്യാണ പാര്‍ട്ടികളില്‍ നിന്ന് കോപ്പിയടിച്ചതാണ് മിക്കതും. ഹല്‍ദി, സംഗീത്, മെഹന്ദി, ബ്രൈഡല്‍ ഷവര്‍ ഇങ്ങനെ തുടങ്ങി കല്യാണത്തിന് മുന്‍പുള്ള ദിവസങ്ങളില്‍ കുടുംബക്കാരും അയല്‍വാസികളും സുഹൃത്തുക്കളും അടക്കം പ്രധാനമായും സ്ത്രീകള്‍ക്കുവേണ്ടിയാണ് ഇതെല്ലാം ഒരുക്കുന്നത്. തെക്കന്‍ കേരളത്തെ അപേക്ഷിച്ച് മലബാറിലാണ് ഈ ആഘോഷ ചടങ്ങുകള്‍ കൂടുതലുള്ളത്.
ഈ ചടങ്ങുകള്‍ക്കെല്ലാം വ്യത്യസ്ത ഡ്രസ് കോഡുകളുണ്ട്. അതിനനുസരിച്ച ആഭരണങ്ങളും. കല്യാണ പെണ്ണ് മാത്രമല്ല, കുടുംബത്തിലെ സ്ത്രീകളൊന്നാകെ പല തരത്തിലും ഫാഷനിലുമുള്ള ആഭരണങ്ങള്‍ വാടകയ്‌ക്കെടുത്ത് അണിയും. വാടക ഇനത്തില്‍ നല്ലൊരു തുക പൊടിയുമെങ്കിലും ആഘോഷം ഉഷാറാക്കും. ഓരോ ദിവസത്തെയും ഡ്രസ് കോഡുകള്‍ക്കനുസരിച്ച് ഓരോ ഡിസൈനുകളിലുള്ള സെറ്റ് ആഭരണങ്ങള്‍ വേണം. കല്യാണ ദിവസം വേറെയും. അവസാനം തരക്കേടില്ലാത്ത ഒരു തുക വാടകയായിത്തന്നെ കൊടുക്കേണ്ടി വരും. ആഭരണ വില്‍പ്പനക്കാരും, വാടകയ്ക്ക് നല്‍കുന്നവും, വസ്ത്ര വ്യാപാരികളഉമെല്ലാം നല്ല കച്ചവടം ലക്ഷ്യമാക്കി ഇത്തരം ചടങ്ങുകളെ മനസ്സറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.
ഏറ്റവും കുറഞ്ഞത് 200 രൂപ മതലാണ് ആഭരണങ്ങളുടെ വാടക നിരക്ക്. എണ്ണം കൂടുകയും സെറ്റ് ചെയ്ത് ഡിസൈനുകള്‍ എടുക്കുകയുമൊക്കെ ചെയ്യുമ്പോഴേക്കും രൂപ അയ്യായിരവും പതിനായിരവുമൊക്കെ കടക്കും. ഫാഷനനുസരിച്ച് വാടകയിലും വ്യത്യാസം വരും. എത് ഡിസൈനുകളിലും ട്രെന്‍ഡിംഗിലുമുള്ള ആഭരണങ്ങള്‍ ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് വാടകയ്ക്ക് കിട്ടുന്നുണ്ട്. ആവശ്യമെങ്കില്‍ കസ്റ്റമൈസ് ചെയ്ത ആഭരണങ്ങള്‍ നല്‍കാനും വാടകക്കാര്‍ റെഡിയാണ്.
കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാം ആഭരണങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന സ്ഥാപനങ്ങള്‍ നിരവധിയുണ്ട്. ട്രെന്‍ഡിംഗ് ആഭരണങ്ങള്‍ക്ക് ഇപ്പോള്‍ നല്ല ഡിമാന്റാണുള്ളതെന്നും ആവശ്യക്കാര്‍ക്ക് നല്‍കാന്‍ തികയുന്നില്ലെന്ന കുഴപ്പമേയുള്ളൂവെന്നും ആഭരണങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന സ്ഥാപനത്തിന്റെ ഉടമ ‘ദ മലയാളം ന്യൂസി’നോട് പറഞ്ഞു. ടീനേജ് പ്രായക്കാരായ പെണ്‍കുട്ടികളും യുവതികളും മാത്രമല്ല, മധ്യവയസ്‌കരായ സ്ത്രീകള്‍ക്ക് വരെ ഇപ്പോള്‍ വാടക ആഭരണങ്ങളോടാണ് പ്രിയം.
ഉത്തരേന്ത്യയില്‍ നിന്ന് ഡിസൈന്‍ ചെയ്താണ് മിക്ക ആഭരണങ്ങളും എത്തുന്നത്. അവിടെ നിന്ന് കുറഞ്ഞ വിലയ്ക്ക് ആഭരണങ്ങള്‍ വാങ്ങി കേരളത്തില്‍ കൊണ്ടു വന്ന് വലിയ വാടക ഈടാക്കുകയാണ് പലരും ചെയ്യുന്നത്. നാലോ അഞ്ചോ തവണ വാടകയ്ക്ക് പോയിക്കഴിയുമ്പോഴേക്കും കച്ചവടക്കാരന് വാങ്ങിയ പൈസ മുതലാകും.
വിവാഹം, വിവാഹ നിശ്ചയം തുടങ്ങിയ പരിപാടികള്‍ക്കായി ആഭരണങ്ങള്‍ വാടകക്കെടുക്കുന്ന ട്രെന്‍ഡ് കൂടുകയല്ലാതെ അടുത്ത കാലത്തൊന്നും കുറയാന്‍ ഇടയില്ലെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. എന്നാല്‍ ഓരോ ദിവസവുമെന്നോണം മാറിക്കൊണ്ടിരിക്കുന്ന ഡിസൈനുകള്‍ ആളുകള്‍ക്ക് എത്തിച്ചു നല്‍കുകയെന്നതാണ് ഇവര്‍ നേരിടുന്ന വെല്ലുവിളി.
കല്യാണത്തിന് മാത്രമല്ല, പാര്‍ട്ടികള്‍ക്കും കോളേജുകളിലെ വിവിധ ആഘോഷങ്ങള്‍ക്കും മറ്റും പെണ്‍കുട്ടികള്‍ അവര്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ക്കനുസരിച്ച് വാടകയ്‌ക്കെടുത്ത ആഭരണങ്ങള്‍ അണിയുകയാണ് അധികവും ചെയ്യുന്നത്. സ്വര്‍ണ്ണ വില കുത്തനെ കൂടിയതോടെ വണ്‍ ഗ്രാം സ്വര്‍ണ്ണാഭരങ്ങള്‍ക്ക് ആവശ്യക്കാരേറിയിട്ടുമുണ്ട്. ആഭരണങ്ങള്‍ ധരിക്കുകയാണെങ്കില്‍ അത് സ്വര്‍ണ്ണത്തിന്റേത് തന്നെ വേണമെന്ന് നിര്‍ബന്ധമുള്ള സ്ത്രീകള്‍ നേരെ പോകുന്നത് വണ്‍ ഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍ക്കുന്ന കടകളിലേക്കാണ്.
ആഭരണങ്ങള്‍ അണിയണമെങ്കില്‍ അത് സ്വര്‍ണ്ണത്തിന്റേതായിരിക്കണമെന്ന വാശിയൊന്നും പുതുതലമുറയിലെ പെണ്‍കുട്ടികള്‍ക്കില്ല. അതുകൊണ്ട് തന്നെ ദിനംപ്രതിയെന്നോണം കൂടിക്കൊണ്ടിരിക്കുന്ന സ്വര്‍ണ്ണ വില അവരെ കാര്യമായി അലട്ടുന്നേയില്ല.