കോഴിക്കോട്: ചികിത്സയ്ക്കിടെ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപണം ഉയർന്ന കോഴിക്കോട് സർക്കാർ ബീച്ച് ആശുപത്രിയിലെ ഫിസിയോ തെറാപ്പിസ്റ്റിനെ സസ്പെൻഡ് ചെയ്തു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന് പിന്നാലെ ആശുപത്രിയിലെ ഫിസിയോ തെറപ്പിസ്റ്റ് ബി മഹേന്ദ്രൻ നായരെയാണ് സസ്പെൻഡ് ചെയ്തത്.
ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. ആശുപത്രിയിൽ ഫിസിയോതെറപ്പിക്കു എത്തിയ പെൺകുട്ടിയെ ചികിത്സയ്ക്കിടെ ബുധനാഴ്ച പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിൽ വെള്ളയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ഒരു മാസമായി പെൺകുട്ടി ആശുപത്രിയിൽ ഫിസിയോ തെറാപ്പിക്ക് വരുന്നുണ്ട്. ആരോഗ്യ പ്രവർത്തകയാണ് സ്ഥിരമായി ചികിത്സ നടത്തിയിരുന്നത്.
എന്നാൽ, ബുധനാഴ്ച പെൺകുട്ടി എത്തിയപ്പോൾ ഇവർ മറ്റൊരാൾക്ക് ചികിത്സ നടത്തുകയായിരുന്നു. ഇതേ തുടർന്ന് ആരോപണ വിധേയനായ ജീവനക്കാരനാണ് അന്ന് ചികിത്സ നല്കിയത്. ഇതിനിടയിലായിരുന്നു പീഡനം.
ഇന്നലെ വീണ്ടും പെൺകുട്ടി ചികിത്സയ്ക്കെത്തിയപ്പോൾ ആരോഗ്യ പ്രവർത്തകയെ സംഭവം അറിയിക്കുകയായിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ വിവരം നല്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പ്രതിക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു. പ്രതി അടുത്ത കാലത്താണ് മറ്റു ജില്ലയിൽനിന്ന് ബീച്ച് ആശുപത്രിയിലെത്തിയത്. പ്രതി ഒളിവിലാണെന്നും ഉടനെ പിടിക്കാനാകുമെന്നും പോലീസ് പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group