കോട്ടയം– കെഎസ്ആര്‍ടിസി ബസില്‍ വെച്ച് ബോധക്ഷയമുണ്ടായ പെണ്‍കുട്ടിയെ കൊണ്ടുപോവാനുള്ള ആംബുലന്‍സായി അതേ ബസ് തന്നെ മാറിയത് ശ്രദ്ദേയമായി. ഇന്ന് കാലത്ത് തെങ്കാശിയില്‍ നിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ് ആണ് യാത്രക്കാരിയുടെ ജീവന് രക്ഷിക്കാനുള്ള ആംബുലന്‍സ് ആയി മാറിയത്. മാതാപിതാക്കള്‍ക്കൊപ്പം ബസില്‍ കയറിയ പെണ്‍കുട്ടിയാണ് യാത്രക്കിടെ ബോധരഹിതയായത്. കോഴഞ്ചേരിയില്‍ നിന്ന് തിരുവല്ലക്ക് പോവാനായി കയറിയതായിരുന്നു ഇവര്‍. ഉടന്‍ തന്നെ ബസ് ജീവനക്കാര്‍ അതേ ബസില്‍ പെണ്‍കുട്ടിയെ തിരുവല്ല മെഡിക്കല്‍ മിഷന് ആശുപത്രി എമര്‍ജന്‍സിയില്‍ എത്തിച്ചു. മഞ്ഞാടി എന്ന സ്ഥലത്ത് സ്ഥിരമായുണ്ടാവാറുള്ള ബ്ലോക് തടസ്സമാവുമെന്നതിനാല്‍ കവിയൂര്‍ വഴിയാണ് ആശുപത്രിയിലേക്ക് പോയത്. ഇതേ ബസില്‍ യാത്ര ചെയ്തിരുന്ന ഒരു നഴ്സ് ബോധക്ഷയമുണ്ടായ കുട്ടിക്ക് ഉടന്‍ സിപിആര്‍ നല്കിയതും സഹായകരമായി.
ബസിലെ തിരക്കും മഴ കാരണം ജനലുകള്‍ അടച്ചതും രക്തസമ്മര്ദ്ധക്കുറവുണ്ടാക്കിയെന്നും ഇതാണ് ബോധക്ഷയത്തിന് കാരണമെന്നും ടിഎംഎം ആശുപത്രി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം കുട്ടിയെ വിട്ടയക്കുമെന്നും അവര്‍ വിശദീകരിച്ചു. യാത്രക്കാരുടെ ജീവനും സുരക്ഷയ്ക്കും മുഖ്യപരിഗണന കൊടുത്ത നടപടിയെടുത്ത ബസ് ജീവനക്കാരേയും കുട്ടിയെ ശുശ്രൂഷിച്ച നഴ്സിനേയും ആശുപത്രി അധികൃതര്‍ അഭിനന്ദിച്ചു. വഴിയില്‍ പിടയുന്ന ഒരു ജീവനു വേണ്ടിയുള്ള ഇത്തരം ഇടപെടലുകള്‍ നടത്തുന്ന സമൂഹത്തിന് മുതല്‍ക്കൂട്ടാണെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.