കൊല്ലം: പ്ലസ് വൺ പ്രവേശവുമായി ബന്ധപ്പെട്ട് മാതാപിതാക്കൾക്കൊപ്പമുള്ള യാത്രയ്ക്കിടെ വിദ്യാർത്ഥിനി ട്രെയിനിൽ നിന്ന് വീണ് മരിച്ചു. കൊല്ലം സ്വദേശിനി ഗൗരി (16) ആണ് മരിച്ചത്. വർക്കല ഇടവയിൽ ഇന്ന് രാവിലെ 6.10-ഓടെയായിരുന്നു അപകടം.
തിരുവനന്തപുരത്ത് നിന്ന് കൊല്ലം ഭാഗത്തേക്കുള്ള വേണാട് എക്സ്പ്രസ് ഇടവ ഡീസന്റ് മുക്ക് ഭാഗത്ത് എത്തിയപ്പോൾ വിദ്യാർത്ഥിനി ട്രെയിനിൽ നിന്ന് നിലതെറ്റി വീഴുകയാണുണ്ടായതെന്നാണ് വിവരം. ഗുരുതരമായ പരുക്കുകളോടെ വിദ്യാർത്ഥിനിയെ ഉടനെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്ലസ് വൺ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് അച്ഛനും അമ്മയ്ക്കുമൊപ്പം പത്തനംതിട്ടയിലേക്ക് പോകവേയാണ് ദാരുണമായ സംഭവമുണ്ടായത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്ന് പോലീസ് പ്രതികരിച്ചു.