കോട്ടയം – മൂന്നാം നരേന്ദ്രമോദി സര്‍ക്കാരില്‍ കോട്ടയത്തിന് പ്രാതിനിധ്യം. ബി.ജെ.പി ജനറല്‍ സെക്രട്ടറിയായ ജോര്‍ജ് കുര്യനാണ് കേന്ദ്രമന്ത്രി സഭാംഗമാകുന്നത്. ദേശീയ തലത്തിലെ ബി.ജെ.പിയുടെ ക്രൈസ്തവ മുഖമാണ് ജോര്‍ജ് കുര്യന്‍.മോഡി സര്‍ക്കാരിലെ പ്രതിനിധിയാകുന്നതിലുളള സന്ദേശം കോട്ടയം കാണക്കാരി പൊയ്ക്കാരന്‍കാലായില്‍ കുടുംബത്തെ ആഹ്ലാദത്തിലാക്കി. 1980 കളില്‍ ബിജെപി രാഷ്ട്രീയത്തിലേക്ക് ആകൃഷ്ടനായ ജോര്‍ജ് കുര്യന്‍ വ്യത്യസ്തമായ രാഷ്ട്രീയ വിചാരധാരയിലായിരുന്നു യുവത്വം മുതല്‍. പിന്നീട് ബിജെപി സംസ്ഥാന വക്താവായി. ജനറല്‍ സെക്രട്ടറിയായി. ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാനായി.
ക്രൈസ്തവ വിഭാഗത്തില്‍ നിന്നുമുള്ള ന്യൂനപക്ഷ മുഖമെന്ന നിലയിലാണ് കുര്യനെ പരിഗണിച്ചത്. കോട്ടയം കാണക്കാരി പൊയ്ക്കാരന്‍കാലായില്‍ കുടുംബാംഗമാണ് ജോര്‍ജ് കുര്യന്‍. നിലവില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ വൈസ് ചെയര്‍മാനായി ജോര്‍ജ് കുര്യനെ ബിജെപി നിയമിച്ചിരുന്നു. കേരളത്തില്‍നിന്നു ന്യൂനപക്ഷ കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ പദവിയില്‍ ആദ്യമായി എത്തിയതും ജോര്‍ജ് കുര്യനാണ്. ബിജെപി സംസ്ഥാന ഉപാധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പുതുപ്പള്ളിയില്‍ ഉള്‍പ്പെടെ നിരവധി നിയമസഭ തെരഞ്ഞെടുപ്പിലും ബിജെപി സ്ഥാനാര്‍ഥിയായി.കുര്യന്‍ മത്സരിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പില്‍ ജോര്‍ജ് കുര്യന്റെ പേരാണ് ആദ്യം ഉയര്‍ന്നുവന്നത്. എന്നാല്‍ പിന്നീട് ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ലാലിനെ നിയോഗിക്കുകയായിരുന്നു.
ന്യൂദല്‍ഹിയിലേക്ക് പോകുമ്പോഴും ഇത്തരത്തിലുളള ചുമതല സ്വപ്‌നം കണ്ടിരുന്നില്ല. ചാനലുകളില്‍ വാര്‍ത്തകണ്ടാണ് ഇക്കാര്യം അറിഞ്ഞതെന്ന് ഭാര്യ അന്നമ്മ പറഞ്ഞു. നിസ്വാര്‍ഥമായ സേവനമായിരുന്നു എന്നും. അതിനു ലഭിച്ച അംഗീകാരമാണ് ഇത്. ഭാര്യ ഒ.ടി.അന്നമ്മ കൊച്ചി നേവല്‍ ബേസില്‍ ലഫ്. കേണലാണ്. മക്കള്‍: ആദര്‍ശ്, ആകാശ്.