കൽപ്പറ്റ: കേരളത്തിന്റെ നോവായി മാറിയ വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിൽ നിന്ന് ചെളിയിൽ പുതഞ്ഞ നിലയിൽ നാലുലക്ഷം രൂപ കണ്ടെത്തി. ചൂരൽമലയിലെ വെള്ളാർമല സ്‌കൂളിന് പിറകിൽ പുഴയോരത്തുനിന്നാണ് അഗ്‌നി രക്ഷാസേന ചെളികൊണ്ട് മൂടിയ നോട്ടുകെട്ടുകൾ കണ്ടെത്തിയത്.
പുഴയോരത്തെ പാറക്കെട്ടുകൾക്കും വെള്ളത്തിനുമിടയിലായി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു നോട്ടുകെട്ടുകളെന്ന് അഗ്‌നിരക്ഷാ സേനാംഗങ്ങൾ പറഞ്ഞു. 500-ന്റെ നോട്ടുകൾ അടങ്ങിയ ഏഴ് കെട്ടുകളും 100-ന്റെ നോട്ടുകളടങ്ങിയ അഞ്ച് കെട്ടുകളുമാണ് കണ്ടെത്തിയത്. ചെളി പിടിച്ചിട്ടുണ്ടെങ്കിലും പ്ലാസ്റ്റിക് കവറിലായതിനാൽ നോട്ടുകൾക്ക് വലിയ കേടുപാടുകളുണ്ടായിട്ടില്ല.
ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ സുഭാഷ് ആണ് പണം കണ്ടെത്തിയത്. പണം ആരുടേതാണെന്ന് വ്യക്തമായിട്ടില്ല. ഈ ഭാഗം മാർക്ക് ചെയ്ത് കൂടുതൽ പരിശോധന തുടരുകയാണെന്ന് പോലീസ് പറഞ്ഞു. ദുരന്തത്തിൽ മനുഷ്യജീവന് പുറമെ വിലപിടിപ്പുള്ള ഒട്ടേറെ വസ്തുക്കളും പണവുമെല്ലാം നഷ്ടമായിട്ടുണ്ട്. തുക പരിശോധിച്ച് അവശ്യമായ തുടർ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.