തിരുവനന്തപുരം– വീട്ടിൽ പാമ്പ് വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് പങ്കുവെച്ച് കേരള ഫോറസ്റ്റ് ഡിപ്പാർട്മെന്റിന്റെ വീഡിയോ. സർപ്പ സ്റ്റേറ്റ് കോർഡിനേറ്റർ മുഹമ്മദ് അൻവറാണ് നിർദ്ദേശങ്ങൾ പങ്കുവെക്കുന്നത്. വീടുകളിൽ പാമ്പു വരുന്നത് തടയാനുള്ള മാർഗങ്ങളാണ് വീഡിയോയിലൂടെ പറയുന്നത്. വീട്ടു പരിസരത്ത് ഭക്ഷണ പദാർത്ഥങ്ങൾ നിക്ഷേപിക്കുന്നത് അപകടകരമാണെന്ന് വിഡിയോയിൽ പറയുന്നുണ്ട്. ഇത് എലികൾ വരാൻ കാരണമാകുമെന്നും തുടർന്ന് ഇവയെ പിടിക്കാൻ പാമ്പുകൾ എത്തുമെന്നും പറയുന്നു. എലികൾ മാളങ്ങൾ നിർമ്മിക്കുന്നതും അപകടം വിളിച്ചുവരുത്തും. ഈ മാളങ്ങളിൽ പാമ്പുകൾ സ്ഥിരമായി താമസിക്കുന്നതിന് കാരണമാകുന്നതാണ് വിപത്ത്.
വീടിലേക്ക് ചാഞ്ഞുകിടക്കുന്ന ചില്ലകളും, വള്ളി ചെടികളുമാണ് അടുത്ത വില്ലന്മാർ. ഇതുവഴി പാമ്പുകൾ വരാൻ കാരണമാകും. ഇത് മുറിച്ചു കളയണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നുണ്ട്. ബാത്റൂമുകളിലെ എക്സിറ്റ് പൈപ്പുകളെല്ലാം നെറ്റ് ഉപയോഗിച്ച് അടക്കണമെന്നും നിർദ്ദേശമുണ്ട്. മുൻ വാതിലിന്റെയും പിന്‍ വാതിലിന്റെയും അടിയിൽ വിടവുണ്ടെങ്കിലും അത് വഴിയും പാമ്പുകൾ കയറി വരാം. ഇത് തടയുന്നതിനായി വിടവുകൾ സീൽ ചെയ്യണമെന്നും അൻവർ പറഞ്ഞു. സ്ഥിരമായി നടക്കുന്ന വഴിയിൽ കാട് പിടിച്ചു കിടക്കുന്ന സാഹചര്യമോ, ചപ്പുചവറുകളോ ഉണ്ടാകരുതെന്നും വിഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. വീടുകളിൽ മാത്രമല്ല സ്കൂളുകൾ അടക്കമുള്ള മറ്റു സ്ഥാപനങ്ങളിലും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.