മലപ്പുറം: മലപ്പുറത്ത് സെവൻസ് ഫുട്‌ബോൾ കളിക്കാനെത്തിയ വിദേശ താരത്തെ പണം നല്കാതെ വഞ്ചിച്ചതായി പരാതി. മലപ്പുറത്തെ യുണൈറ്റഡ് എഫ്‌സി നെല്ലിക്കുത്ത് എന്ന ടീമിനായി സെവൻസ് കളിച്ച ഐവറികോസ്റ്റ് താരം കാങ്ക കൗസി ക്ലൗഡ് എന്ന 24-കാരനാണ് പരാതിയുമായി മലപ്പുറം എസ്.പി ഓഫീസിലെത്തിയത്.
2023 ഡിസംബർ മുതൽ ജൂലൈ 2024 വരെയുള്ള വിസയിൽ നിശ്ചിത തുക നൽകാമെന്ന കരാറിലാണ് കേരളത്തിൽ സെവൻസ് കളിക്കാനെത്തിയത്. സീസണിൽ രണ്ടുമത്സരങ്ങളിൽ മാത്രമാണ് കളിപ്പിച്ചതെന്നും ഇതുവരെ ഒരു രൂപ പോലും തന്നില്ലെന്നുമാണ് താരത്തിന്റെ പരാതി. വാഗ്ദാനം ചെയ്ത അയ്യായിരം നല്കിയില്ല എന്നതിനു പുറമേ, ഭക്ഷണത്തിനുള്ള വക പോലും അനുവദിച്ചില്ലെന്നും പറയുന്നു. കഴിഞ്ഞ ആറുമാസമായി ശമ്പളമോ മറ്റു താമസ ഭക്ഷണ സൗകര്യങ്ങളോ നൽകിയില്ലെന്നും പരാതിയിലുണ്ട്.
തങ്ങളുടെ പേരിൽ ഡ്യൂപ്ലിക്കേറ്റ് കരാർ ഉണ്ടാക്കി മറ്റൊരാളാണ് കാങ്ക കൗസി ക്ലൗഡ് എന്ന കളിക്കാരനെ കൊണ്ടുവന്നതെന്നാണ് നെല്ലിക്കുത്ത് ടീമിന്റെ ഭാരവാഹികൾ പറയുന്നത്.
സാധാരണ, സെവൻസ് ഫുട്‌ബോളിന് കൊണ്ടുവരുന്ന വിദേശ താരങ്ങൾക്ക് യാത്രാ ടിക്കറ്റുകളും ഭക്ഷണ അലവൻസും താമസ സൗകര്യവും ഉൾപ്പെടെയുള്ളവ നൽകാറുണ്ട്. എന്നാൽ, തരാനുള്ള പണമോ തിരിച്ചുപോകാനുള്ള ടിക്കറ്റ് പോലും നൽകാതെ പീഡിപ്പിക്കുകയാണ് കരാറുകാർ. എസ്.പി ഓഫീസിലെത്തിയ താരത്തിന് പോലീസുകാർ ഭക്ഷണം വാങ്ങി നല്കിയപ്പോൾ താരം കരയുകയായിരുന്നു. താരവുമായി കരാറുണ്ടാക്കിയ വ്യക്തിയെ ഉടനെ ഓഫീസിൽ ഹാജരാക്കാൻ എസ്.പി ശശിധരൻ ഉത്തരവിട്ടിട്ടു. ഒറ്റയ്ക്ക് മലപ്പുറം എസ്.പി ഓഫീസിലെത്തിയാണ് താരം പരാതി നല്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group