തൃശൂർ: തൃശൂർ ജില്ലയിലെ പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയിൽ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പെരിഞ്ഞനം കുറ്റിക്കടവ് സ്വദേശി ഉസൈബ(56)യാണ് മരിച്ചത്. ഇന്ന് പുലർച്ചെ തൃശൂർ മെഡിക്കൽ കോളേജിൽ വച്ചാണ് അന്ത്യം.
പെരിഞ്ഞനം മൂന്നുപീടികയിലെ സെയിൻ റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് കഴിഞ്ഞ ശനിയാഴ്ച ഭക്ഷ്യവിഷബാധയുണ്ടായത്. ഉസൈബയുടെ വീട്ടിലേക്ക് ഇവിടെ നിന്നും കുഴിമന്തി പാഴ്സൽ വാങ്ങിയിരുന്നു. കുഴിമന്തിക്കൊപ്പമുള്ള മയോണൈസിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. തുടർന്ന് ഇന്നലെ രാവിലെ മുതൽ പനിയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളുമുണ്ടായതിനെ തുടർന്ന് ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. 178 പേരാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. മരിച്ച ഉസൈബയുടെ ബന്ധുക്കളായ മൂന്നു പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പും പഞ്ചായത്ത് അധികൃതരും ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗവും ഹോട്ടലിൽ പരിശോധന നടത്തി ഹോട്ടൽ അടപ്പിച്ചിട്ടുണ്ട്. ഹോട്ടലിൽനിന്നും സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group