കൽപ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർ താമസിക്കുന്ന ഫ്ളാറ്റിൽ ഭക്ഷ്യവിഷബാധയെന്ന് പരാതി. കുന്നംപറ്റയിലെ മൂന്ന് കുട്ടികൾക്കാണ് ശാരീരിക അസ്വസ്ഥതയുണ്ടായത്. വയറിളക്കവും ഛർദ്ദിയും ഉണ്ടാവുകയായിരുന്നു. ഇതിൽ ഏഴു വയസ്സുള്ള ഒരു കുട്ടിയെ വൈത്തിരിയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദുരന്തബാധിതർക്ക് നൽകിയ ഭക്ഷ്യ കിറ്റിലെ സോയാബീൻ പാകം ചെയ്ത് കഴിച്ചതിന് പിന്നാലെയാണ് ഭക്ഷ്യവിഷബാധയെന്നാണ് പരാതി. വിവരമറിഞ്ഞ് മന്ത്രി പി പ്രസാദ് താലൂക്ക് ആശുപത്രിയിൽ ഓടിയെത്തി.
മന്ത്രിയെ കണ്ടതോടെ കുട്ടിയുടെ അമ്മ വിതുമ്പി കരഞ്ഞു. കുഞ്ഞിന്റെ ഭക്ഷ്യവിഷബാധയിൽ രാഷ്ട്രീയം കളിക്കുന്നുവെന്ന് ചിലർ പറഞ്ഞതായി അമ്മ മന്ത്രിയെ അറിയിച്ചു. ഭീഷണിയുണ്ടെങ്കിൽ അറിയിക്കണമെന്നും ഒപ്പമുണ്ടെന്നും മന്ത്രി പ്രതികരിച്ചു. ഭക്ഷണസാമഗ്രികളുടെ ഗുണനിലവാരം പരിശോധിക്കാൻ കലക്ടറോട് നിർദേശിച്ചിട്ടുണ്ട്. ഗുണനിലവാര പരിശോധന നടത്താൻ എല്ലാ സംവിധാനങ്ങളും നിലവിലുണ്ട്. കിറ്റിനകത്തെ ഭക്ഷണ സാമഗ്രികളുടെ പ്രശ്നമാണെങ്കിൽ ഗൗരവതരമാണ്. ആരുടെ വീഴ്ചയാണെന്ന് പരിശോധനയിലൂടെ വ്യക്തമാവുമെന്നും മന്ത്രി വ്യക്തമാക്കി.