- സ്വകാര്യത മാനിക്കണമെന്ന് മാധ്യമങ്ങളോട്, തീരുമാനം മാനസിക സമാധാനത്തിനും പുരോഗതിക്കുമെന്നും വിശദീകരണം
കൊച്ചി: അഞ്ചുമാസം മുമ്പത്തെ വിവാഹനിശ്ചയത്തിന് പിന്നാലെ ബന്ധം വേർപിരിയുന്നുവെന്ന് അറിയിച്ച് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ് വുമണുമായ സീമ വിനീത്. പ്രതിശ്രുത വരനായ നിഷാന്തുമായി ചർച്ച ചെയ്ത് ഞങ്ങൾ ഇരുവരും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിൽ വ്യക്തിപരമായ കാരണത്താലാണ് പിരിയുന്നതെന്നും സീമ ഫേസ്ബുക്കിൽ അറിയിച്ചു.
ഒരുപാട് ആലോചിച്ചതിന് ശേഷം, പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കുന്നതിനിടയിൽ ഞങ്ങളുടെ മാനസിക സമാധാനത്തിനും പുരോഗതിക്കും വേണ്ടി നിശാന്തും ഞാനും വിവാഹ നിശ്ചയത്തിന്റെ അഞ്ച് മാസത്തെ ബന്ധത്തിന് ശേഷം വേർപിരിയാൻ തീരുമാനിച്ചുവെന്നാണ് കുറിപ്പിലുള്ളത്.
ഈ ആഴത്തിലുള്ള വ്യക്തിപരമായി എടുത്ത തീരുമാനത്തിൽ ഞങ്ങളുടെ സ്വകാര്യത മനസ്സിലാക്കാനും ബഹുമാനിക്കാനും ഞങ്ങൾ മാധ്യമങ്ങളോടും സുഹൃത്തുക്കളോടും ആരാധകരോടും ദയയോടെ അഭ്യർത്ഥിക്കുന്നു. ഞങ്ങൾ വേർപിരിഞ്ഞത് അംഗീകരിച്ചുകൊണ്ട്, ഇത് പരസ്പരം മികച്ച തീരുമാനമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. നിങ്ങളുടെ ധാരണയും പിന്തുണയും ഈ പ്രയാസകരമായ സമയത്തു വളരെയധികം വിനയപൂർവം നിങ്ങളെ അറിയിച്ചുകൊള്ളുന്നുവെന്നും സീമ വീനിത് കുറിച്ചു.
‘എന്റെ ഹൃദയം കവർന്നയാളെ കണ്ടെത്തി’ എന്ന കുറിപ്പോടെ കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു സീമ വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവെച്ചിരുന്നത്. പിന്നീട് നിശാന്ത് ജോലിക്കായി വിദേശത്ത് പോകുന്ന ഫോ്ട്ടോയും വീഡിയോയുമെല്ലാം സീ സമൂഹമാധ്യമത്തിൽ പങ്കിട്ടിരുന്നു.
വിവാഹത്തിൽ നിന്ന് പിന്മാറുന്ന തീരുമാനത്തെ അനുകൂലിച്ച് നിരവധി ആരാധകർ സീമയ്ക്കു പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. സീമയ്ക്ക് ഈ സാഹചര്യത്തെ മറികടിക്കാനുള്ള ശക്തി പകർന്ന് നിരവധി പേർ ആശംസ നേർന്നപ്പോൾ, വിവാഹം കാണാൻ കാത്തിരിക്കുകയായിരുന്നുവെന്നും വേർപിരിഞ്ഞുവെന്ന് അറിയുമ്പോൾ സങ്കടം തോന്നുന്നുവെന്നും പ്രതികരണങ്ങളുണ്ട്.