ഇംഗ്ലിഷ് ഫുട്ബോളിന് മേല്‍വിലാസം ഉണ്ടാക്കിയ ആദ്യ കോച്ചാണ് സ്വെന്‍-ഗോറന്‍ എറിക്‌സണ്‍. ഏറെയൊന്നും അവകാശപ്പെടാനില്ലാതിരുന്ന ഇംഗ്ലണ്ട് ടീമിന് ലോകത്തിന് മുന്നില്‍ പുതിയ മാനം നല്‍കിയ പരിശീലകനായിരുന്നു അദ്ദേഹം. ഇംഗ്ലണ്ടിന്റെ ആദ്യ വിദേശ പരിശീലകനായിരുന്ന എറിക്സണ്‍ കഴിഞ്ഞ ദിവസമാണ് ക്യാന്‍സറിനെ തുടര്‍ന്ന് മരണപ്പെട്ടത്. ഫുട്ബോള്‍ ലോകത്തെ മുന്‍നിര പരിശീലകരിൽ ഒരാളായിരുന്നു അദ്ദേഹം. ക്ലബ്ബ് തലത്തിലും ദേശീയ തലത്തിലും കോച്ച് എന്ന നിലയില്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കി.
മുപ്പതാം വയസ്സില്‍ ഫുട്ബോളില്‍ നിന്ന് വിരമിച്ച് കോച്ചിങ് നിരയിലേക്ക് വന്ന എറിക്സണ്‍ ക്ലബ്ബ് തലത്തിലാണ് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിച്ചത്. കരിയറില്‍ ഉന്നതിയില്‍ നില്‍ക്കവയാണ് പരിശീലകന്‍ എന്ന നിലയിലേക്ക് നീങ്ങിയത്. കരിയറില്‍ 18ഓളം കിരീടം സ്വന്തമാക്കിയിട്ടുണ്ട്.
നാല് പതിറ്റാണ്ടാണ് എറിക്സണ്‍ തന്റെ കഴിവ് ഭാവി താരങ്ങള്‍ക്കായി കൈമാറിയത്. പിന്നിട്ട 40 വര്‍ഷവും എറിക്സണ്‍ എന്ന പരിശീലകന് തിരിഞ്ഞ് നോക്കേണ്ടിവന്നിട്ടില്ല. സ്വീഡന്‍,പോര്‍ച്ചുഗല്‍, ഇറ്റലി, ഇംഗ്ലണ്ട്, ചൈന, തായ്ലന്റ് എന്നിവടങ്ങളിലെ നിരവധി ക്ലബ്ബുകളെ അദ്ദേഹം പരിശീലിപ്പിച്ചിരുന്നു. മെക്സിക്കോ, ഫിലിപ്പ്യന്‍സ്, ഐവറികോസ്റ്റ് എന്നീ ദേശീയ ടീമുകളെയും എറിക്സണ്‍ പരിശീലിപ്പിച്ചിരുന്നു. 10ഓളം രാജ്യങ്ങളിലാണ് എറിക്സണ്‍ കോച്ചിന്റെ ചുമതല വഹിച്ചത്.
ഇറ്റലിയില്‍ റോമാ, ഫിയറൊന്റീന, സംമ്പഡോറിയ, ലാസിയോ എന്നീ ടീമുകളെയാണ് പരിശീലിപ്പിച്ചത്.ലെസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ സിറ്റി എന്നീ ക്ലബ്ബുകളെയും എറിക്സണ്‍ പരിശീലിപ്പിച്ചിട്ടുണ്ട്. 2001 മുതല്‍ 2006 വരെയാണ് ഇംഗ്ലണ്ട് ടീമിനെ പരിശീലിപ്പിച്ചത്. 2002, 2006 ലോകകപ്പുകളില്‍ ഇംഗ്ലണ്ടിനെ ക്വാര്‍ട്ടറിലെത്തിക്കാനും എറിക്സണ് സാധിച്ചു.