കണ്ണൂർ – രാഷ്ട്രീയ വിവാദം ദേശീയ തലത്തിലടക്കം കത്തിപ്പടരുന്നതിനിടെ, വിവാഹ വീട്ടിൽ കൈ കൊടുക്കലും കുശലവുമായി വിവാദനായകർ. എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനും, കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരനുമാണ് തളിപ്പറമ്പിലെ ഒരു വിവാഹ വീട്ടിൽ കഴിഞ്ഞ രാത്രി കണ്ടുമുട്ടിയത്.
ഇ.പി.ജയരാജൻ ബി.ജെ.പിയിലേക്ക് പോകുന്നതിനായി പ്രകാശ് ജാവ് ദേക്കറുമായി ചർച്ച നടത്തിയെന്ന വെടി പൊട്ടിച്ചത് കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരനായിരുന്നു. ഇതിന് മറുപടിയായി താൻ പ്രകാശ് ജാവ്ദേക്കറെ കണ്ടിരുന്നുവെന്നും എന്നാൽ രാഷ്ട്രീയം സംസാരിച്ചിരുന്നില്ലെന്നും വോട്ടെടുപ്പ് ദിവസം ജയരാജൻ പരസ്യ പ്രസ്താവന നടത്തിയത് വലിയ വിവാദമായി മാറി. ഇതിന് ശേഷം ഇതാദ്യമായാണ് ഇരു നേതാക്കളും തമ്മിൽ വിവാഹ വീട്ടിൽ കണ്ടുമുട്ടിയത്. യാതൊന്നും സംഭവിക്കാത്ത വിധത്തിൽ ഇരുവരും ഹസ്തദാനം ചെയ്യുകയും കുശലം പറയുകയും ചെയ്തു.
കണ്ണൂരിലെ സി.പി.എം നേതാക്കൾക്കിടയിൽ രാഷ്ട്രീയത്തിനതീതമായി സൗഹൃദം കാത്തു സൂക്ഷിക്കുന്നയാളാണ് ഇ.പി.ജയരാജൻ. സി.പി.എം നേതാക്കളിൽ അപൂർവ്വം ചിലരുമായി മാത്രമേ കെ.സുധാകരൻ നേരിൽ കണ്ടാൽ സംസാരിക്കാറുള്ളൂ. അതിൽ ഒരാളാണ് ഇ.പി. ഇ പി.ജയരാജനെ വധിക്കാൻ ശ്രമിച്ചുവെന്ന സംഭവത്തിൽ ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ട് വർഷങ്ങളായി നിയമ നടപടികളിൽ കുടുങ്ങിക്കിടക്കുന്നയാളാണ് സുധാകരൻ. എന്നാൽ ഇതൊന്നും ഇരുവരുടെയും സൗഹൃദത്തിന് തടസ്സമായില്ല.
അതേ സമയം, പ്രകാശ് ജാവ് ദേക്കർ കൂടിക്കാഴ്ച്ച ദേശീയ തലത്തിലടക്കം കത്തിപ്പടരുമ്പോഴും പിന്നീട് ഇതേക്കുറിച്ച് പ്രതികരിക്കാൻ ജയരാജൻ തയ്യാറായിട്ടില്ല. ഈ വിഷയത്തിൽ സി.പി.എം ദേശീയ നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ബി.ജെ.പിയിലേക്ക് പോകാൻ ഉന്നത നേതൃത്വവുമായി ചർച്ച നടത്തിയെന്ന നിലയിൽ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പു പ്രചാരണവും ആരംഭിച്ചു കഴിഞ്ഞു.
വിഷയം നാളെ ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യും. ഈ യോഗത്തിൽ ജയരാജൻ തൻ്റെ നിലപാട് വിശദീകരിക്കും. ഘടകകക്ഷികൾ അടക്കം ഈ വിഷയത്തിൽ എതിർപ്പുയർത്തിയ സാഹചര്യത്തിൽ ഇടതു മുന്നണി കൺവീനർ സ്ഥാനം നഷ്ടപ്പെടാനാണ് സാധ്യതയെന്ന നിലയിലും പ്രചാരണം നടക്കുന്നുണ്ട്.