റിയാദ്: ഊർജം അടക്കം വിവിധ മേഖലകളിലെ പരസ്പര സഹകരണം കൂടുതൽ ശക്തമാക്കുന്നതിന് റിയാദിൽ നടന്ന സൗദിയും ഇന്ത്യയും പരസ്പര ധാരണയിലെത്തി. സൗദി ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിനു കീഴിൽ സാമ്പത്തിക, നിക്ഷേപ കമ്മിറ്റിയുടെ രണ്ടാമത് മന്ത്രിതല യോഗത്തിലാണ് വൈദ്യുതി കൈമാറ്റം അടക്കമുള്ള മേഖലകളിൽ പരസ്പര സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് സൗദി ഊർജ മന്ത്രി അബ്ദുൽഅസീസ് ബിൻ സൽമാൻ രാജകുമാരന്റെയും ഇന്ത്യൻ വ്യവസായ വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റിനെയും നേതൃത്വത്തിൽ ചർച്ച നടന്നത്.
ഇരു മന്ത്രിമാരുടെയും സാന്നിധ്യത്തിൽ സൗദി, ഇന്ത്യൻ വൈദ്യുതി ഗ്രിഡുകളെ പരസ്പരം ബന്ധിപ്പിക്കാനുള്ള സാധ്യതാ പഠനം നടത്താൻ സൗദി നാഷണൽ ഗ്രിഡ് കമ്പനിയും ഇന്ത്യയിലെ സെൻട്രൽ ട്രാൻസ്മിഷൻ യൂട്ടിലിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡും കരാർ ഒപ്പുവെച്ചു. സൗദി, ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിനു കീഴിലെ സാമ്പത്തിക, നിക്ഷേപ കമ്മിറ്റി മിനുട്‌സിൽ അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനും പിയൂഷ് ഗോയലും ഒപ്പുവെച്ചു.
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ കഴിഞ്ഞ വർഷം നടത്തിയ ഇന്ത്യ സന്ദർശനത്തിനിടെ സൗദി, ഇന്ത്യ സ്ട്രാറ്റജിക് കൗൺസിലിന്റെ ആദ്യ യോഗം നടക്കുകയും വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ സഹകരണം ശക്തമാക്കുന്ന ഏതാനും സംരംഭങ്ങൾക്ക് സമാരംഭം കുറിക്കുകയും ചെയ്തതായി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.
വ്യവസായം, അടിസ്ഥാന സൗകര്യം, സാങ്കേതികവിദ്യ, കൃഷി, ഭക്ഷ്യ സുരക്ഷ, കാലാവസ്ഥാ ശാസ്ത്രം, സുസ്ഥിര ഗതാഗതം, വാഹനങ്ങളുടെ സാമ്പത്തിക പ്രകടനം മെച്ചപ്പെടുത്തൽ, ബസ് ഉപയോഗിച്ചുള്ള പൊതുഗതാഗത സംവിധാനങ്ങൾ, നഗരങ്ങളിൽ ഗതാഗത സംവിധാനം മെച്ചപ്പെടുത്തൽ തുടങ്ങിയ മേഖലകളിൽ സംയുക്ത കർമ സമിതിയുടെ പ്രവർത്തന പുരോഗതി യോഗം വിശകലനം ചെയ്തു. ലോജിസ്റ്റിക്‌സ് സേവനങ്ങൾ, വയർലെസ് കമ്മ്യൂണിക്കേഷൻസ്, സുസ്ഥിര കൃഷി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഗവൺമെന്റ്, ലവണാംശം ബാധിച്ച പ്രദേശങ്ങളുടെ പുനരധിവാസം, കാർഷിക ഉൽപന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കൽ എന്നിവയും യോഗം ചർച്ച ചെയ്തു.