ദുബൈ- പ്ലസ് ടു പാസായവരോ ഹൈസ്‌കൂള്‍ ഡിപ്ലോമ കഴിഞ്ഞവരോ ആയ മിടുക്കരായവര്‍ക്ക് പ്രശസ്ത വിമാനക്കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍ ക്യാബിന്‍ക്രൂ ജോലി വാഗ്ദാനം ചെയ്യുന്നു. ആഗോള റിക്രൂട്ട്‌മെന്റ് ഡ്രൈവിന്റെ ഭാഗമായാണ് ദുബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്‌സ് എയര്‍ലൈന്‍ ക്യാബിന്‍ ക്രൂ അപേക്ഷകള്‍ ക്ഷണിച്ചത്.
ഫ്‌ളൈയിംഗ് പേയുള്‍പ്പെടെ 2.38 ലക്ഷം രൂപ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. അപേക്ഷകര്‍ക്ക് എമിറേറ്റ്‌സ് ഗ്രൂപ്പ് കരിയേഴ്‌സ് വെബ്‌സൈറ്റ് വഴി ബയോഡേറ്റ ഓണ്‍ലൈനായി അയക്കാമെന്ന് എയര്‍ലൈന്‍ അറിയിച്ചു. ഏറ്റവും അപ്‌ഡേറ്റഡായിട്ടുള്ള ഇംഗ്ലീഷിലുള്ള സിവി, അടുത്തിടെ എടുത്ത ഫോട്ടോ എന്നിവ അപേക്ഷക്കൊപ്പം അയയ്ക്കണം. 21 വയസ്സ് പ്രായമുള്ള, കുറഞ്ഞത് 160 സെന്റീമീറ്റര്‍ ഉയരമുള്ള എന്നാല്‍ 211 സെന്റീമീറ്റര്‍ ഉയരെ തൊടാനാകുന്ന ആളുകള്‍ക്ക് അപേക്ഷ നല്‍കാം. ഇംഗ്ലീഷ് ഭാഷ നന്നായി സംസാരിക്കാനും എഴുതാനും അറിഞ്ഞിരിക്കണം (മറ്റ് ഭാഷകള്‍ അറിയാവുന്നത് മുന്‍ഗണന നല്‍കും), കുറഞ്ഞത് ഒരു വര്‍ഷത്തെ കസ്റ്റമര്‍ സര്‍വീസ് എക്‌സ്പീരിയന്‍സ് ആവശ്യമാണ്. ഹൈസ്‌കൂള്‍ ഡിപ്ലോമ, അല്ലെങ്കില്‍ ഗ്രേഡ് 12 പാസ്സായിരിക്കണം.
യൂണിഫോം ധരിച്ച് കഴിയുമ്പോള്‍ ശരീരത്തില്‍ കാണാവുന്ന ഭാഗങ്ങളില്‍ ടാറ്റൂ ഉണ്ടാകരുതെന്ന പ്രത്യേക നിബന്ധനയുണ്ട്. യുഎഇയുടെ തൊഴില്‍ വിസ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന വ്യവസ്ഥയുണ്ട്. ആത്മവിശ്വാസം, സമ്മര്‍ദ്ദത്തെ നേരിടാനും ശാന്തമായി ജോലി ചെയ്യാനുമുള്ള കഴിവ് എന്നിവ ക്യാബിന്‍ ക്രൂ ജോലിയുടെ അഭിവാജ്യഘടകമാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് പ്രത്യേകമായ പരിശീലനവും നല്‍കുമെന്ന് അധികൃതര്‍ വിശദീകരിച്ചു. 7.5 ആഴ്ചത്തെ മികച്ച പരിശീലനം ദുബൈയില്‍ വെച്ചാണ് നല്‍കുക. ഓണ്‍ലൈനായി ലഭിക്കുന്ന അപേക്ഷകരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി ദുബൈയിലും മറ്റ് അന്താരാഷ്ട്ര നഗരങ്ങളിലും റിക്രൂട്ട്‌മെന്റ് പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഷോര്‍ട്‌ലിസ്റ്റ് ചെയ്യുന്നവരെ അക്കാര്യം വൈകാതെ തന്നെ അറിയിക്കുമെന്നും എമിറേറ്റ്‌സ് വ്യക്തമാക്കി.
പ്രതിമാസം 4,430 ദിര്‍ഹം ആയിരിക്കും അടിസ്ഥാന ശമ്പളം. ഫ്‌ളൈയിങ് പേ ആയി 63.75 ദിര്‍ഹം / മണിക്കൂറിന് ലഭിക്കും.(ഇത് 80 മുതല്‍ അല്ലെങ്കില്‍ 100 വരെ മണിക്കൂര്‍, അല്ലെങ്കില്‍ ഒരു മാസം വരെ നീളാം) അപ്രകാരം ശരാശരി ആകെ മാസ ശമ്പളം – 10,170 ദിര്‍ഹം (2.38 ലക്ഷം ഇന്ത്യന്‍ രൂപ) ലഭിക്കും. കൂടാതെ താമസ സൗകര്യം, വിമാന യാത്രയിലെ ലേഓവറുകള്‍ക്ക് ഹോട്ടല്‍ താമസം, എയര്‍പോര്‍ട്ടിലേക്കുള്ള ഗതാഗത സൗകര്യം, അന്താരാഷ്ട്ര ഭക്ഷണ അലവന്‍സുകള്‍ എന്നീ ആകര്‍ഷകമായ മറ്റ് ആനൂകൂല്യങ്ങളും ലഭ്യമാണ്.