ന്യൂഡല്‍ഹി– ‘വോട്ടുകവർച്ച’ ആരോപണം ഉന്നയിച്ച രാഹുൽ ഗാന്ധിയോട് ഏഴ് ദിവസത്തിനകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സത്യവാങ്മൂലം സമര്‍പ്പിച്ചില്ലെങ്കിൽ ഉന്നയിച്ച ആരോപണങ്ങൾ എല്ലാം അസാധുവായി കണക്കാക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ മുന്നറിയിപ്പ് നൽകി. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തി തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം.
സാങ്കേതികമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. ഒരു മണ്ഡലത്തിലെ വോട്ടറല്ലാത്ത ആരെങ്കിലും വോട്ടര്‍ പട്ടികയെ കുറിച്ച് പരാതി നല്‍കാന്‍ ആഗ്രഹിക്കുമ്പോള്‍ സത്യവാങ്മൂലം ആവശ്യമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. രാഹുൽ ഗാന്ധി ഏഴ് ദിവസത്തിനുളിൽ സത്യവാങ്മൂലം സമർപ്പിച്ചില്ലെങ്കിൽ അദ്ദേഹത്തിന്റെ ആരോപണങ്ങൾ അസാധുവാക്കുമെന്ന് പറഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ രാജ്യത്തോട് ക്ഷമാപണം നടത്തണമെന്നും പറഞ്ഞു.