ജിദ്ദ – പുതിയ അധ്യയന വര്‍ഷത്തില്‍ സൗദിയിലെ മുഴുവന്‍ സ്വകാര്യ, ഇന്റര്‍നാഷണല്‍ സ്‌കൂളുകളിലെയും ട്യൂഷന്‍ ഫീസുകളെ കുറിച്ച് അന്വേഷിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം ഇ-ലിങ്ക് ഏര്‍പ്പെടുത്തി. സുതാര്യത വര്‍ധിപ്പിക്കാനും രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കൃത്യമായ വിവരങ്ങള്‍ നല്‍കാനുമുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ താല്‍പര്യത്തിന്റെ ഭാഗമായാണ് പുതിയ സേവനം. ഇത് വ്യക്തവും അറിയാവുന്നതുമായ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി രക്ഷിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികള്‍ക്ക് ഉചിതമായ സ്‌കൂളുകള്‍ തെരഞ്ഞെടുക്കാനുള്ള പ്രക്രിയ സുഗമമാക്കുന്നു.
ഓരോ സ്‌കൂളിലെയും ട്യൂഷന്‍ ഫീസിനെ കുറിച്ച് പ്രത്യേകം അന്വേഷിക്കാന്‍ പ്രത്യേക ഇ-ലിങ്ക് അവസരമൊരുക്കുന്നുണ്ട്. കൂടാതെ ആ സ്‌കൂളുകളില്‍ നല്‍കുന്ന വിദ്യാഭ്യാസത്തിന്റെയും സേവനങ്ങളുടെയും ഗുണനിലവാരം പ്രതിഫലിപ്പിക്കുന്ന കാര്യക്ഷമതാ ഡാറ്റ പരിശോധിക്കാനും രക്ഷകര്‍ത്താക്കള്‍ക്ക് ഇ-ലിങ്ക് സൗകര്യമൊരുക്കുന്നു. കുട്ടികളുടെ വിദ്യാഭ്യാസ ഭാവിയെ കുറിച്ച് തികഞ്ഞ അവബോധത്തോടെ തീരുമാനങ്ങളെടുക്കാന്‍ രക്ഷകര്‍ത്താക്കളളെ സഹായിക്കുന്ന ഒരു പ്രധാന ഉപകരണമാണ് ഈ ഡാറ്റ. രക്ഷകര്‍ത്താക്കള്‍ക്ക് കൃത്യവും വിശ്വസനീയവുമായ വിവരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഇത് ഉറപ്പാക്കുന്നു.
സൗദിയില്‍ വിദ്യാഭ്യാസ സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താനും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്. എല്ലാവര്‍ക്കും വിവരങ്ങള്‍ ലഭ്യമാക്കുന്നത് എളുപ്പമാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ നിറവേറ്റുകയും രക്ഷകര്‍ത്താക്കളുടെ അഭിലാഷങ്ങള്‍ കൈവരിക്കുകയും ചെയ്യുന്ന നിലക്ക് സ്വകാര്യ, ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ വികസിപ്പിക്കുന്നതിലും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലും ഇത് നല്ല സ്വാധീനം ചെലുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു.
വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും വിദ്യാഭ്യാസ വിപണിയില്‍ തങ്ങളുടെ സ്ഥാനം നിലനിര്‍ത്താന്‍ നല്‍കുന്ന സേവനങ്ങളും മെച്ചപ്പെടുത്താന്‍ ഓരോ സ്‌കൂളും ശ്രമിക്കുന്നതിനാല്‍ സ്‌കൂളുകള്‍ തമ്മിലെ മത്സരം ഉയര്‍ത്താന്‍ ഈ ലിങ്ക് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മക്കളെ ചേര്‍ക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിനു മുമ്പായി ട്യൂഷന്‍ ഫീസും ലഭ്യമായ ഓപ്ഷനുകളും താരതമ്യം ചെയ്യാനുള്ള വഴിയും ഇത് രക്ഷിതാക്കള്‍ക്കു മുന്നില്‍ തുറക്കുന്നു. സൗദിയില്‍ വിദ്യാഭ്യാസ പ്രക്രിയ വികസിപ്പിക്കാനും വിദ്യാഭ്യാസ അന്തരീക്ഷം മെച്ചപ്പെടുത്താനുമുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ സേവനം. വിവരങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കാനും വിദ്യാഭ്യാസ മേഖലയുടെ വികസനത്തിനും സഹായിക്കുന്ന കൂടുതല്‍ ഇലക്‌ട്രോണിക് സേവനങ്ങള്‍ നല്‍കുന്നത് തുടരുമെന്നും വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു.