(നാദാപുരം) കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നാദാപുരം വിലങ്ങാട് വീണ്ടും ഉരുൾപൊട്ടി. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഉരുൾപൊട്ടലുണ്ടായ അടിച്ചിപ്പാറയിൽ വീണ്ടും ഉരുൾപൊട്ടിയത്. പ്രദേശത്ത് മഞ്ഞക്കുന്ന് പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ തുടരുകയാണെന്നാണ് വിവരം. ആളപായം റിപോർട്ട് ചെയ്തിട്ടില്ല.
കോഴിക്കോട് ജില്ലാ കലക്ടർ ഡോ. സ്‌നേഹിൽ കുമാർ സിംഗ്, നാദാപുരം എം.എൽ.എ ഇ.കെ വിജയൻ ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിക്കുന്നതിനിടെയാണ് ഉരുൾപൊട്ടലുണ്ടായത്. കലക്ടറും സംഘവും അരമണിക്കൂറോളം സ്ഥലത്ത് കുടുങ്ങി. ഇവരെ പിന്നീട് റെസ്‌ക്യു സംഘം രക്ഷപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം വിലങ്ങാട് ഒമ്പത് തവണ ഉരുൾപൊട്ടിയിരുന്നു. ഇതിൽ രക്ഷാപ്രവർത്തനത്തിനിടെ മലവെള്ളപ്പാച്ചിലിൽ കാണാതായ മാത്യു കളത്തിലിന് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. 13 വീടുകൾ പൂർണമായും, നിരവധി വീടുകൾ വെള്ളം കയറി ഭാഗികമായും തകർന്നിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group