തൃശൂർ: മൂത്രം കുടിച്ച് രോഗം മാറ്റാനാവുമെന്ന് നടൻ കൊല്ലം തുളസി. പലരും മൂത്രം കുടിക്കുന്നുണ്ടെങ്കിലും ആളുകൾ എന്തു കരുതുമെന്ന് കരുതി പറയാൻ ചമ്മലാണ്. ഇന്നല്ലെങ്കിൽ നാളെ ലോകം ഈ സത്യം ഉറക്കെ പറയുന്ന അവസ്ഥയുണ്ടാകും. ഞാൻ ഇക്കാര്യം ഉറക്കെപ്പറയുന്നതിന് മ്ലേച്ചമായ തെറികൾ കേൾക്കേണ്ടി വന്നിട്ടുണ്ടെന്നും എന്റെ മൂത്രം ഞാൻ കുടിക്കുന്നതിനാണീ തെറി കേൾക്കുന്നതെന്നും അദ്ദേഹം തൃശൂരിൽ പറഞ്ഞു. യൂറിൻ തെറാപ്പി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൂത്രം കുടിച്ചു തുടങ്ങിയാൽ കുറച്ചുകാലം കൂടി ജീവിക്കാം. വലിയ ചികിത്സ ചെലവുകൾ താങ്ങാനാവാത്ത പാവപ്പെട്ടവരെ കണ്ടെത്തി അവരെ ഇക്കാര്യം പറഞ്ഞു മനസ്സിലാക്കേണ്ട ധാർമികമായ കടമ നമുക്കുണ്ടെന്നും നടൻ പറഞ്ഞു.
എല്ലാ വൈദ്യശാസ്ത്രവും പരാജയപ്പെടുമ്പോഴും എല്ലാ വാതിലുകളും കൊട്ടിയടയുമ്പോഴും എന്തിനെയും കയറി പ്രാപിക്കാൻ ശ്രമിക്കുന്ന മാനസികാവസ്ഥ പലർക്കും ഉണ്ടാവാറുണ്ട്. എനിക്ക് കാൻസർ പിടിപെട്ടപ്പോൾ കുറച്ചുനാൾ കൂടി ജീവിച്ചിരിക്കണമെന്ന മോഹം കാരണം പല വഴികളും തേടി. അങ്ങനെയാണ് യൂറിൻ തെറാപ്പിയെ കുറിച്ചറിഞ്ഞത്. ഞാൻ വിജയിച്ചു. എനിക്കിപ്പോൾ 75 വയസ്സായി. എന്റെ ബലത്തിന്, ശക്തിക്ക് എന്റെ രക്ഷകനായി യൂറിൻ ഉള്ളിടത്തോളം ഞാൻ നിൽക്കും, ഉറപ്പാണ്. അതിനാൽ, ഇപ്പോൾ തന്നെ മൂത്രം കുടിച്ചു തുടങ്ങിക്കോ. ഒരു ചെലവുമില്ല. ആശുപത്രിയിൽ പോകണ്ട, ഡോക്ടറെ കാണണ്ട, മെഡിക്കൽ ഷോപ്പിൽ പോകണ്ട. അറിയുക, കുടിക്കുക. മൂത്രം പരിപാവനവും പരിശുദ്ധവുമാണെണ്. സകലവിധ അസുഖങ്ങൾക്കും സ്വന്തം മൂത്രം കുടിക്കാമെന്നും അതിന് ആശുപത്രികൾ കയറിയിറങ്ങേണ്ടതില്ലെന്നും കൊല്ലം തുളസി പറഞ്ഞു.
ലക്ഷക്കണക്കിനും കോടിക്കണക്കിനും രൂപ ചെലവായാലും ജീവൻ തിരിച്ചുകിട്ടാത്ത അവസ്ഥയാണ് ആധുനിക ലോകത്ത്. വിലയില്ലാതെ കിട്ടുന്ന വസ്തുവാണ് മൂത്രം. ഭാര്യയറിയാതെ ഭർത്താവിനും ഭർത്താവറിയാതെ ഭാര്യക്കും കുടിക്കാം. ഇതിന് ഒരു നാറ്റവുമില്ല. നിങ്ങളുടെ സകലവിധ അസുഖങ്ങൾക്കും നാണമില്ലാതെ മാനമില്ലാതെ കുടിക്കുക. നമ്മുടെ മൂത്രമാണ്, അന്യന്റേതല്ല. കുടിച്ചു തുടങ്ങിക്കോ. കുറച്ചുകാലം കൂടി ജീവിക്കാമെന്നും നടൻ അവകാശപ്പെട്ടു.
എന്നാൽ, മൂത്രം കുടിക്കരുതെന്നും അതിൽ വിഷാംശമുണ്ടെന്നും വൈദ്യശാസ്ത്ര രംഗത്തെ പ്രമുഖർ അഭിപ്രായപ്പെട്ടു. ശരീരത്തിന് ആവശ്യമില്ലാത്ത വിഷാംശങ്ങളടങ്ങിയതാണ് മലവും മൂത്രവുമെന്നും മൂത്ര ചികിത്സ അശാസ്ത്രീയമാണെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. ക്രിയാറ്റിനും അമോണിയയും ഉൾപ്പെടെയുള്ളവ മൂത്രത്തിലൂടെ ശരീരം പുറംതള്ളുന്നുണ്ടെന്നും രോഗം മാറ്റാൻ കഴിയുമെന്നത് ശാസ്ത്രീയ പരിശോധനയിൽ തെളിയിക്കാനായിട്ടില്ലെന്നും വെറും പൗരാണികത മാത്രം പറഞ്ഞാൽ ശാസ്ത്രമാവില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group