കൊച്ചി: കൊല്ലം എം.എൽ.എയും നടനുമായ മുകേഷിനെതിരേയുള്ള നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ ഇരകൾക്കായി രൂക്ഷ വിമർശവുമായി സി.പി.ഐ നേതാവ് ആനി രാജ. മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെ മുകേഷ് എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നും ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും അവർ വ്യക്തമാക്കി.
മുകേഷിന്റെ രാജിയെക്കുറിച്ച് ചോദിച്ചപ്പോൾ സമാന ആരോപണം ഉയർന്ന കോൺഗ്രസ് എം.എൽ.എമാർ രാജിവെക്കാത്തത് ചൂണ്ടിക്കാട്ടിയ ഇടതു മുന്നണി കൺവീനറും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി ജയരാജന്റെ നിലപാടും ആനി രാജ തള്ളി. തീർത്തും ബാലിശമാണീ വാദം. ഇത്തരം ലൈംഗിക കേസുകളിൽ കോൺഗ്രസ് എം.എൽ.എമാർ രാജിവെക്കാത്തതിനാൽ നമ്മളും രാജിവെക്കേണ്ടിതില്ലെന്നത് ബാലിശമാണ്. അതെല്ലാം വ്യക്തിഗത വാദങ്ങളാണ്. ഒരു കുറ്റകൃത്യത്തെ മറ്റൊന്ന് കൊണ്ട് മറയ്ക്കാനാവില്ല. ബലാത്സംഗക്കേസിലെ പ്രതിയെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയും പരിഹാരവും അതല്ലെന്നും ആനി രാജ വ്യക്തമാക്കി.
അധികാരത്തിൽ ഇരിക്കുന്ന ഒരാൾ ഇത്തരം കുറ്റം ചെയ്‌തെന്ന് വരികയും സർക്കാർ അത് പരിശോധിക്കുമെന്ന് പറയുകയും ചെയ്യുമ്പോൾ അതിന്റെ സത്യസന്ധതയും നീതിപൂർവതയും എല്ലാം ചോദ്യം ചെയ്യപ്പെടുന്നു. അതിന്റെ ഗൗരവത്തോടെ സംസ്ഥാന സർക്കാർ ഇത് കാണണം. പീഡന പരാതി വന്നത് മുതൽ മുകേഷ് മാറിനിൽക്കണമെന്ന് ആവശ്യപ്പെട്ടതാണ്. കേസെടുത്തപ്പോൾ സ്ഥാനത്ത് തുടരണോ വേണ്ടയോ എന്ന കാര്യത്തിൽ മുകേഷിന് ഇപ്പോൾ ബോധ്യം വന്നുകാണും. സ്വയം മാറിയില്ലെങ്കിൽ സർക്കാർ ഇടപെട്ട് മാറ്റിയെ തീരൂവെന്നും ആനി രാജ ഓർമിപ്പിച്ചു.
ബലാത്സംഗ കേസിൽ പ്രതികളായ കോൺഗ്രസ് എം.എൽ.എമാർ രാജിവെച്ചാൽ മുകേഷും പദവി ഒഴിയുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ഇന്ന് പ്രതികരിച്ചിരുന്നു. ബലാത്സംഗ കേസിൽ പ്രതികളായ യു.ഡി.എഫ് എം.എൽ.എമാരായ എം വിൻസെന്റും എൽദോസ് കുന്നപ്പിള്ളിയും രാജിവെച്ചാൽ സ്വാഭാവികമായി മൂന്നാമനായി മുകേഷും പദവി ഒഴിയുമെന്നായിരുന്നു ഇ.പിയുടെ ന്യായീകരണം.