തിരുവനന്തപുരം- ഭാരതീയ ജനതാ പാര്‍ട്ടി കേരള സംസ്ഥാന കമ്മിറ്റി ഓഫീസ് ഇന്ന് കാലത്ത് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ ഉദ്ഘാടനം ചെയ്യാനിരിക്കെ ബിജെപിയില്‍ പുതിയ ഭാരവാഹി പട്ടികയിലെ അതൃപ്തി പുകയുന്നുവെന്ന് വിലയിരുത്തല്‍. ബിജെപി കേരള സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍ ഒരു പക്ഷത്തെ മാത്രം പരിഗണിച്ചുവെന്നതാണ് പാര്‍ടിയിലെ അമര്‍ഷം പുകയുന്നതിന്റെ പ്രധാന കാരണം. മുതിര്‍ന്ന നേതാവ് പികെ കൃഷ്ണദാസ് പക്ഷത്തെ മാത്രം പുതിയ അധ്യക്ഷന്‍ ഏറ്റെടുത്തുവെന്നാണ് വി മുരളീധരന്‍ പക്ഷത്തിന്റെ പ്രധാന വിമര്‍ശനം. പുനഃസംഘടനാ പട്ടികയിലാകട്ടെ 90 ശതമാനവും കൃഷ്ണദാസ് വിഭാഗമെന്നും മുന്‍കേന്ദ്ര മന്ത്രി കൂടിയായ മുരളിയുടെ പക്ഷക്കാര്‍ ആരോപിക്കുന്നുണ്ട്. ഇക്കാര്യം ഇന്ന് നടക്കുന്ന യോഗത്തില്‍ അമിത്ഷായുടെ ശ്രദ്ധയില്‍പെടുത്താനും ചിലര്‍ ശ്രമിക്കുമെന്നറിയുന്നു.
കഴിഞ്ഞ ദിവസമാണ് ബിജെപിയുടെ പുനസംഘടന കഴിഞ്ഞ് പുതിയ നേതൃനിരയുടെ പ്രഖ്യാപനമുണ്ടായത്. വി മുരളീധര പക്ഷത്തെ തീര്‍ത്തും ഒതുക്കിയുള്ള പട്ടികക്കെതിരെ നേരത്തെ തന്നെ പ്രതിഷേധം ശക്തമായിരുന്നു. ഭാരവാഹിത്വം പ്രതീക്ഷിച്ച പലര്‍ക്കും അത് ലഭിച്ചില്ലെന്ന് മാത്രമല്ല പൂര്‍ണ അവഗണന ഉണ്ടായിയെന്നും ആരോപണമുണ്ട്. വി മുരളീധര പക്ഷത്ത് നിന്ന് പരിഗണിക്കപ്പെട്ടവരില്‍ മുന്‍ ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍ ആണ് പ്രധാനപ്പെട്ട ഒരാള്‍. എംടി രമേശ്, ശോഭാ സുരേന്ദ്രന്‍, അഡ്വ എസ്.സുരേഷ്, അനൂപ് ആന്റണി ജോസഫ് എന്നിവരാണ് നാല് ജനറല്‍ സെക്രട്ടറിമാര്‍. വി മുരളീധര പക്ഷത്തെ പ്രമുഖനായ വിവി രാജേഷിനെ ഒതുക്കിയെന്ന ആരോപണമുണ്ട്. സെക്രട്ടറി പട്ടികയിലാണ് വിവി രാജേഷിനു പുറമെ എംവി ഗോപകുമാര്‍ അടക്കമുള്ള നേതാക്കള്‍ ഉള്‍പ്പെട്ടത്. സാധാരണഗതിയില്‍ ബിജെപിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരാണ് പാര്‍ട്ടിയുടെ പ്രധാന ചാലക ശക്തിയായി നേതൃരംഗത്ത് പ്രവര്‍ത്തിക്കേണ്ടത്.
ബിജെപി തിരുവനന്തപുരം മുന്‍ ജില്ലാ പ്രസിഡന്റും രാജീവ് ചന്ദ്രശേഖറിന്റെ വിശ്വസ്തനുമാണ് ജനറല്‍സെക്രട്ടറി പദവിയില്‍ എത്തിയ അഡ്വ എസ് സുരേഷ്. എകെ ആന്റണിയുടെ മകന്‍ അനൂപ് ആന്റണിക്ക് നേരത്തെ മുതലെ ബിജെപി നല്ല പരിഗണന നല്‍കിയിരുന്നു. ക്രിസ്ത്യന്‍ വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായി കൂടിയാണ് അനൂപ് ആന്റണിയേയും വൈസ് പ്രസിഡന്റായി ഷോണ്‍ ജോര്‍ജും നിയമിക്കപ്പെടുന്നത്. സംസ്ഥാന രാഷ്ട്രീയത്തില്‍ ഇനി അനൂപ് ആന്റണി സജീവമായിരിക്കും. നേരത്തെ ദേശീയ തലത്തില്‍ യുവമോര്‍ച്ചയിലുള്‍പ്പെടെ അനൂപ് ഉണ്ടായി. മുന്‍ കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ അബ്ദുള്‍ സലമിനെ പരിഗണിച്ചത് മുസ്ലിം പ്രാതിനിധ്യം എന്ന നിലയിലാണ്. ഈയ്യിടെയായി ബിജെപിയിലെത്തിയ ആര്‍.ശ്രീലേഖ ഐപിഎസിനെ മറ്റൊരു വൈസ് പ്രസിഡന്റായി പരിഗണിച്ചുവെന്നതാണ് മറ്റൊരു തന്ത്രപരമായ നീക്കമായി വിലയിരുത്തപ്പെടുന്നത്. വിവാദ പ്രസ്താവനകളിലൂടെയും മറ്റും വാര്‍ത്തകളില്‍ ഇടം നേടിയ ബി ഗോപാലകൃഷ്ണനും ഉപാധ്യക്ഷനാണ്. ഡോ.കെ.എസ് രാധാകൃഷ്ണന്‍, അഡ്വ പി.സുധീര്‍, കെ സോമന്‍, അഡ്വ കെകെ അനീഷ്‌കുമാര്‍, സി സദാനന്ദന്‍ മാസ്റ്റര്‍ എന്നിവരും വൈസ് പ്രസിഡന്റ് പദവിയിലുണ്ട്. തൃശൂര്‍ ജില്ലാ അധ്യക്ഷനായിരുന്ന അഡ്വ കെകെ അനീഷ്‌കുമാര്‍ പാര്‍ട്ടിയില്‍ ഇതിനകം ശ്രദ്ധേയനായ ആളാണ്. ആലപ്പുഴ ജില്ലയുടെ മുന്‍ അധ്യക്ഷനായി പ്രവര്‍ത്തിച്ചയാളാണ് കെ സോമന്‍.