- എ.ഡി.ജി.പിയെ മാറ്റാതെയുള്ള അന്വേഷണം ഫലപ്രദമാവില്ലെന്നും സി.പി.ഐ നേതാവും ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാർ
തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത് കുമാർ ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിൽ അപാകതയില്ലെന്ന സ്പീക്കർ എ എൻ ഷംസീറിന്റെ നിലപാടിനെതിരെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ രംഗത്ത്. സ്പീക്കറുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച്ചയാണെന്നും ആ സ്ഥാനത്തിരുന്ന് പറയാൻ പാടില്ലാത്ത കാര്യമാണ് പറഞ്ഞതെന്നും അദ്ദേഹം തുറന്നടിച്ചു.
നിയമസഭ സ്പീക്കർ അങ്ങനെയൊരു കാര്യം പറയാൻ പാടില്ലായിരുന്നു. ഇടതുമുന്നണി നയത്തിന് തന്നെ എതിരായ പ്രസ്താവനയാണ് സ്പീക്കർ നടത്തിയത്. ആർ.എസ്.എസ് രാജ്യത്തെ വലിയ സംഘടനയെന്ന പ്രസ്താവന തെറ്റാണ്. രാജ്യത്ത് വർഗീയ ഫാഷിസം ഇല്ലാതാകുക എന്നതാണ് ലക്ഷ്യമെന്നും അതിനാൽ സ്പീക്കറുടെ പരാമർശം ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
എ.ഡി.ജി.പിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ അദ്ദേഹത്തെ മാറ്റാതെയുള്ള അന്വേഷണം ഫലപ്രദമാവില്ല. എം.ആർ അജിത് കുമാറിനെ സർക്കാർ അടിയന്തരമായി മാറ്റുമെന്നു തന്നെയാണ് പ്രതീക്ഷ. ഭരണകക്ഷി എം.എൽ.എയാണ് ആരോപണം ഉന്നയിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എ.ഡി.ജി.പി എം.ആർ അജിത് കുമാർ ആർ.എസ്.എസ് നേതാക്കളെ കണ്ടത് എന്തിനാണ്? ആര് പറഞ്ഞിട്ടാണ് എ.ഡി.ജി.പി ആർ.എസ്.എസ് നേതാക്കളെ കണ്ടത്? ഈ കാര്യത്തിൽ വ്യക്തത ലഭിക്കണം. ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ വാഹനത്തിൽ പോയത് എന്തിനാണെന്നും ഡെപ്യൂട്ടി സ്പീക്കർ ചോദിച്ചു.
ആർ.എസ്.എസ് രാജ്യത്തെ പ്രധാനപ്പെട്ട സംഘടനയാണെന്നും ആ സംഘടനയിലെ നേതാക്കളുമായുള്ള എ.ഡി.ജിപിയുടെ കൂടിക്കാഴ്ചയിൽ തെറ്റില്ലെന്നും അത് ഗൗരവമായി കാണേണ്ടതില്ലെന്നുമായിരുന്നു സ്പീക്കർ എ.എൻ ഷംസീർ ന്യായീകരിച്ചത്. ഇതിനെതിരേ സി.പി.ഐയും പ്രതിപക്ഷ പാർട്ടികളും രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.