ദുബായ്:ഡെങ്കിപ്പനി ബാധിച്ച് മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിൽ കടുത്ത പ്രതിസന്ധി. യുഎഇയിൽ എംബാം ചെയ്യാത്തതിനാൽ ഇന്ത്യയിലെ വിമാനകമ്പനികൾ നാട്ടിലേക്ക് കൊണ്ടുപോകാൻ തയ്യാറാകാത്തത് പ്രതിസന്ധിക്ക് കാരണം. എമിറേറ്റ്സ് എയർലൈൻസ് മാത്രമാണ് മൃതദേഹം സ്വീകരിക്കുന്നത്.
എന്നാൽ എമിറേറ്റ്സ് എയർലൈൻസിന് തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്ക് മാത്രമാണ് നിലവിൽ സർവീസുള്ളത്. തിരുവനന്തപുരത്തേക്ക് ദിവസവും രാവിലെ 9:30ന് പുറപ്പെടുന്ന ഒരു സർവീസും കൊച്ചിയിലേക്ക് പുലർച്ചെയുള്ള രണ്ട് സർവീസുകളുമാണിത്.കണ്ണൂരിലേക്കോ കോഴിക്കോട്ടേക്കോ എമിറേറ്റ്സിന് നിലവിൽ സർവീസില്ല.
കഴിഞ്ഞദിവസം ഡെങ്കിപ്പനി ബാധിച്ച് മരിച്ച കണ്ണൂർ സ്വദേശിനിയായ അമ്പതുകാരിയുടെ മൃതദേഹം കൊച്ചിയിൽ എത്തിച്ച് അവിടെ നിന്ന് ഫ്രീസർ സൗകര്യമുള്ള ആംബുലൻസിലാണ് കണ്ണൂരിൽ എത്തിച്ചത്. ഇത് പ്രവാസികളുടെ ബന്ധുക്കൾക്ക് മാനസികവും സാമ്പത്തികവുമായി വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
ആറുമാസം മുമ്പ് കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമത്തെ തുടർന്ന് എംബ്ലം ചെയ്ത മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിലും പ്രതിസന്ധി തുടരുകയാണ്. എയർലൈൻസുകൾ മൃതദേഹങ്ങൾ സ്വീകരിക്കാത്തതിന്റെ കാരണമായി പറയുന്നത് അവരുടെ ഡൽഹിയിലെ ഹെഡ് ഓഫീസിൽ നിന്നും പെർമിഷൻ കിട്ടാൻ വൈകുന്നതാണ് എന്നാണ്.മൃതദേഹംനാട്ടിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് എമ്പാംമിങ് ചെയ്ത സർട്ടിഫിക്കറ്റ് ഏത് എയർലൈൻസിൽ ആണോ നാട്ടിലേക്ക് കൊണ്ടുപോകുന്നത് ആ എയർലൈൻസിന്റെ നാട്ടിലെ ഓഫീസിലേക്ക് അയക്കണം.
ഇവർ ഇത് ഡൽഹിയിലെ ഓഫീസിലേക്ക് അയച്ച് അവിടെനിന്ന് അനുമതി നൽകിയാൽ മാത്രമേ മൃതദേഹം കൊണ്ടുപോകാൻ കഴിയൂ . എംബാമിങ്ങിന് നാലു മുതൽ അഞ്ചു മണിക്കൂർ വരെ സമയമെടുക്കുമെതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.