പത്തനംതിട്ട– എംഎൽഎ സ്ഥാനത്ത് നിന്നും രാഹുൽ മാങ്കൂട്ടത്തിൽ രാജി വെക്കുമോ എന്ന കാര്യത്തിൽ തീരുമാനം ഇന്ന്. രാഹുൽ രാജി വെക്കില്ലെന്നും എംഎൽഎ ആയിട്ട് തുടരും എന്നുമാണ് നിലവിൽ ലഭിക്കുന്ന സൂചന. എന്നാൽ, രാഹുലിനെതിരെ സസ്‌പെൻഷൻ നടപടി സ്വീകരിക്കാൻ സാധ്യതയുണ്ട്. രാഹുലിനെതിരെ പാര്‍ട്ടി തലത്തില്‍ കടുത്ത നടപടിയെന്ന ആലോചനകളാണ് സസ്‌പെന്‍ഷനില്‍ എത്തിച്ചത്. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നു മാറ്റി നിര്‍ത്താനും സാധ്യതയുണ്ട്.
രാഹുൽ എംഎല്‍എ സ്ഥാനം രാജിവെക്കുകയാണെങ്കിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിടയുണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാജി വെക്കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് കോൺഗ്രസിനെ എത്തിച്ചത്. തുടർന്നാണ് കോണ്‍ഗ്രസ് സസ്‌പെന്‍ഷന്‍ എന്ന തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. തുടർച്ചയായി ലൈംഗികാരോപണം ഉയർന്നതോടെയാണ് രാഹുലിന് മേൽ എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന സമ്മർദ്ദമുണ്ടായത്. രാഹുലിനെ ഹൈക്കമാന്‍ഡും കൈവിട്ടതോടെ രാജി വെക്കുന്നതാണ് നല്ലത് എന്ന നിലപാടിലേക്ക് രമേശ് ചെന്നിത്തലയും വിഡി സതീശനും എത്തിയിരുന്നു.