കൽപ്പറ്റ: ദുരന്തമുണ്ടായ വയനാട്ടിൽ കേന്ദ്ര-സംസ്ഥാന സർക്കാറിന്റെ രക്ഷാസംവിധാനങ്ങളും സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയും മനുഷ്യസാധ്യമായ എല്ലാം ചെയ്യുന്നുണ്ടെങ്കിലും ആശങ്കയുയർത്തി മരണസംഖ്യ ഉയരുന്നു. 291 പേർ മരിച്ചതായാണ് ഇപ്പോഴത്തെ കണക്കെങ്കിലും അത്രയോ അതിലും കൂടുതലും പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് പറയുന്നത്.
സൈന്യം, എൻ.ഡി.ആർ.എഫ്, നേവി, കോസ്റ്റ്ഗാർഡ് തുടങ്ങി എല്ലാ വിഭാഗങ്ങളും അത്യാധുനിക സംവിധാനങ്ങളുമായി രക്ഷാപ്രവർത്തനത്തിൽ നിറഞ്ഞുനിൽക്കവെ, ഇന്നു മുതൽ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിൽ ആറു സോണുകളായി തിരിച്ച് തിരച്ചിൽ നടത്താനാണ് നിർദേശം.
അട്ടമലയും ആറന്മലയും ചേർന്നതാണ് ഒന്നാമത്തെ സോൺ. മുണ്ടക്കൈ രണ്ടാമത്തെയും, പുഞ്ചിരിമട്ടം മൂന്നാമത്തെ സോണുമാണ്. വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും, വെള്ളാർമല സ്‌കൂൾ അഞ്ചാമത്തെ സോണുമായാണ് തിരിച്ചത്. പുഴയുടെ അടിവാരമാണ് ആറാമത്തെ സോൺ. സൈന്യവും എൻ.ഡി.ആർ.എഫ്, നേവി, കോസ്റ്റ്ഗാർഡ് സംഘങ്ങൾ സംയുക്തമായാണ് തിരച്ചിൽ നടത്തുക. ഓരോ 30 അംഗ സംഘത്തിലും പ്രദേശവാസികളായ മൂന്നുപേരും ഒരു വനംവകുപ്പ് ജീവനക്കാരനുമുണ്ടാകും. ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള പരിശോധനയും ഉണ്ടാകും. ചാലിയാർ പുഴയുടെ 40 കിലോമീറ്റർ പരിധിയിലെ പോലീസ് സ്റ്റേഷൻ പരിധിയിലും തിരച്ചിൽ തുടരും.
രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നാല് മന്ത്രിമാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ ഉപസമിതി വയനാട്ടിൽ ക്യാമ്പ് ചെയ്താണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. റവന്യൂ മന്ത്രി കെ രാജൻ, വനം മന്ത്രി എ.കെ ശശീന്ദ്രൻ, പൊതുമരാമത്ത് ടൂറിസം മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ്, പട്ടികജാതി-പട്ടികവർഗ മന്ത്രി ഒ.ആർ കേളു എന്നിവരാണ് വയനാട്ടിൽ ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾക്ക് ആവശ്യമായ കരുത്ത് പകരുന്നത്.
91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9,328 പേരെയാണ് ഇതിനകം ഇവിടെ മാറ്റിപ്പാർപ്പിച്ചിട്ടുള്ളത്. ചൂരൽമലയിലും മേപ്പാടിയിലും ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട 578 കുടുംബങ്ങളിലെ 2,328 പേരെ ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയതായി റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.