കോഴിക്കോട്: വടകരയിലെ വിവാദമായ കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ സി.പി.എമ്മിന്റെ ഉന്നത നേതാക്കൾക്ക് പങ്കുണ്ടെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാർ. മുസ്‌ലിം ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിമിന്റെ പരാതിയിൽ ഇതുവരെ കേസ് എടുത്തിട്ടില്ലെന്നും വടകരയിലെ പോലീസ് സി.പി.എമ്മിന്റെ പോഷകസംഘടന പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കേസ് അട്ടിമറിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. പ്രതികളെ അറസ്റ്റ് ചെയ്യാൻ ഇനിയും ശ്രമിക്കാത്തത് അതുകൊണ്ടാണ്. കേസിൽ ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡന്റിനും പങ്കുണ്ട്. പോലീസ് സേന സി.പി.എമ്മിനെ പേടിക്കുന്ന സ്ഥിതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാഫിർ സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിച്ച പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ സി.പി.എം നേതാക്കൾ കുടുങ്ങുമെന്ന് ലീഗ് നേതാവും മുൻ എം.എൽ.എയും യു.ഡി.എഫ് വടകര മണ്ഡലം ചെയർമാനുമായ പാറക്കൽ അബ്ദുല്ല പറഞ്ഞു. ഇടത് സൈബർ സംഘങ്ങളാണ് സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിച്ചതെന്ന് വ്യക്തമാണ്. പ്രതികൾ ആരാണെന്ന് എല്ലാവർക്കും അറിയാം. റിബേഷ് എന്ന അധ്യാപകനാണ് ആദ്യമായി ഗ്രൂപ്പിൽ പോസ്റ്റിട്ടത്. നാട്ടിൽ വിഭാഗീയത ഉണ്ടാക്കിയ ആൾ അധ്യാപകനാവാൻ അർഹനല്ല. പ്രതിയെ കസ്റ്റഡിയിലെടുത്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പോലീസ് ആരെയോ ഭയപ്പെടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാഫിർ പോസ്റ്റ് ഇടത് സൈബർ ഇടങ്ങളിൽ നിന്നും പ്രചരിപ്പിക്കപ്പെട്ടതാണെന്നു തെളിഞ്ഞതായി കേസിൽ പ്രതി ചേർക്കപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകൻ കാസിം പ്രതികരിച്ചു. റെഡ് എൻകൗണ്ടർ എന്ന ഗ്രൂപ്പിൽ പോസ്റ്റ് ഷെയർ ചെയ്ത റിബേഷ് ഡി.വൈ.എഫ്.ഐ നേതാവാണ്. ചോദ്യംചെയ്ത ഒരാളെ പോലും പോലീസ് പ്രതിയാക്കിയിട്ടില്ല. പോലീസ് കാണിക്കുന്ന ഈ നിഷ്‌ക്രിയത്വം ദൗർഭാഗ്യകരമാണ്. ഇനി കോടതിയിൽ മാത്രമാണ് പ്രതീക്ഷയെന്നും കാഫിർ പോസ്റ്റ് നിർമിച്ചത് ആരാണെന്ന് കണ്ടെത്തുന്നത് വരെ നിയമപരമായി മുന്നോട്ട് പോകുമെന്നും കാസിം വ്യക്തമാക്കി.
വടകരയിലെ കാഫിർ സ്‌ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിലാണെന്നാണ് പോലീസ് ഹൈക്കോടതിയിൽ നൽകിയ റിപോർട്ടിലുള്ളത്. വടകര സി.ഐ സുനിൽകുമാർ സമർപ്പിച്ച റിപോർട്ടിലാണ് ഇത്തരം നിർണായക വിവരങ്ങളുള്ളത്. ‘അമ്പാടിമുക്ക് സഖാക്കൾ’ എന്ന ഫേസ്ബുക്ക് പേജിലാണ് സ്‌ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് എന്നായിരുന്നു പ്രചാരണം. 2024 ഏപ്രിൽ 25ന് വൈകീട്ട് മൂന്നിനാണ് ‘അമ്പാടിമുക്ക് സഖാക്കൾ’ എന്ന പേജിൽ സ്‌ക്രീൻഷോട്ട് പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ അഡ്മിൻ മനീഷിനെ ചോദ്യം ചെയ്തപ്പോൾ ‘റെഡ് ബറ്റാലിയൻ’ എന്ന ഗ്രൂപ്പിൽനിന്നാണ് തനിക്ക് ലഭിച്ചതെന്നാണ് പറഞ്ഞത്.
ഏപ്രിൽ 25ന് ഉച്ചയ്ക്ക് 2.34-നാണ് ‘റെഡ് ബറ്റാലിയൻ’ ഗ്രൂപ്പിൽ സ്‌ക്രീൻഷോട്ട് പ്രത്യക്ഷപ്പെട്ടത്. അമൽ റാം എന്ന വ്യക്തിയാണ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്. ‘റെഡ് എൻകൗണ്ടർ’ എന്ന ഗ്രൂപ്പിൽനിന്നാണ് തനിക്ക് കിട്ടിയതെന്നാണ് അദ്ദേഹത്തിന്റെ മൊഴി. ഏപ്രിൽ 25ന് ഉച്ചക്ക് 2.13ന് റിബേഷ് എന്നയാളാണ് ഇത് പോസ്റ്റ് ചെയ്തത്.
രാത്രി 8.23ന് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പേജിലും സ്‌ക്രീൻഷോട്ട് പ്രചരിച്ചു. ആദ്യം പോസ്റ്റ് ചെയ്ത റിബേഷ് സ്‌ക്രീൻഷോട്ടിന്റെ ഉറവിടം അറിയില്ലെന്നാണ് പറഞ്ഞത്. ഇയാളുടെ ഫോൺ വിശദമായ പരിശോധനയ്ക്ക് നൽകിയിട്ടുണ്ടെന്നും അതിന് ശേഷമേ കൂടുതൽ വിവരങ്ങൾ നൽകാൻ സാധിക്കൂവെന്നും പോലീസ് അറിയിച്ചു.
ലോകസഭാ തെരഞ്ഞെടുപ്പിൽ കെ.കെ ശൈലജയ്‌ക്കെതിരെ ഷാഫി പറമ്പിൽ വടകരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി വന്നതോടെ പ്രചാരണരംഗത്ത് വൻ ഓളമുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെ ഷാഫിയെ ലക്ഷ്യമാക്കി വിഭാഗീയവും വർഗീയവുമായ പ്രചാരണങ്ങൾ നടന്നിരുന്നു. ഇതിൽ കാഫിർ സ്‌ക്രീൻ ഷോട്ട് ഇടത് കേന്ദ്രങ്ങൾ കാര്യമായ പ്രചാരണായുധമാക്കിയെങ്കിലും അത് വൻ തിരിച്ചടിയായി മാറുകയായിരുന്നു.