അബുദാബി: നിർമ്മാണം പൂർത്തിയായ സി.എസ്.ഐ ദേവാലയം ഇന്ന് വിശ്വാസികൾക്കായി തുറന്നുന ൽകും. അബുബുറൈഖയിൽ യു.എ.ഇ ഗവൺമെൻ്റ് അനുവദിച്ച് നൽകിയ 4.3 ഏക്കർ സ്ഥലത്താണ് ചർച്ച് നിർമ്മിച്ചത്. അബുദാബി ബാബ്സ് ഹിന്ദു ക്ഷേത്രത്തിന് അഭിമുഖമായി മത സാഹോദര്യത്തിൻ്റെ പ്രതീകമെന്നോണമാണ് ഈ ദേവാലയം നിർമ്മിച്ചിരിക്കുന്നത്.
മാനവ സ്നേഹത്തിൻ്റെയും മത സാഹോദര്യത്തിൻ്റെയും ഉത്തമ മാതൃകയായി യു എ ഇ ഗവൺമെൻ്റ് അനുവദിച്ച് നൽകിയ ദേവാലയം ഇന്ന് (ഞായർ) വൈകിട്ട് 3.30 ന് വിശ്വാസ സമൂഹത്തിനായി തുറന്ന് കൊടുക്കുമെന്ന് ദേവാലയ അധികൃതർ അറിയിച്ചു.
സി.എസ്. ഐ സഭാ മധ്യകേരള മഹാ ഇടവക ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ്റെ മുഖ്യകാർമ്മികത്വത്തിലായിരിക്കും പ്രതിഷ്ഠാ സുശ്രൂഷചടങ്ങുകൾ നടക്കുക. അഷ്ടഭുജ മാതൃകയിലാണ് ഏകദേശം 900 പേർക്ക് ഒരേ സമയം ആരാധന നടത്താനാകും വിധം ദേവാലയം നിർമ്മിച്ചിരിക്കുന്നത്.
വാർത്താ സമ്മേളനത്തിൽ സി. എസ്.ഐ സഭാ മധ്യകേരള മഹാ ഇടവക ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ,അബുദാബി സി. എസ്.ഐ ഇടവക വികാരി ലാൽജി എം ഫിലിപ്പ്, വൈസ് പ്രസിഡന്റ് റിജി ജോൺ, സെക്രട്ടറി ജോൺസൻ തോമസ് എന്നിവർ പങ്കെടുത്തു.