തിരുവനന്തപുരം: ലൈംഗികാരോപണക്കേസിൽ നടൻ എം മുകേഷ് എം.എൽ.എയുടെ രാജി വേണമെന്ന ആവശ്യം തള്ളി സി.പി.എം സംസ്ഥാന കമ്മിറ്റി. ബലാത്സംഗത്തിനുൾപ്പെടെ പോലീസ് കേസ് ചുമത്തിയെങ്കിലും കൊല്ലം എം.എൽ.എയുടെ രാജി ഉടനെ വേണ്ടതില്ലെന്നാണ് സി.പി.എം സംസ്ഥാന കമ്മിറ്റിയിലെ ധാരണ.
നടൻ മുകേഷിന്റെ വിശദീകരണം പാർട്ടി കേൾക്കും. വെറും ആരോപണത്തിന്റെ പേരിൽ എം.എൽ.എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നും കോടതി നടപടികൾക്കു പിന്നാലെയാവാം തുടർ നടപടികളെന്നുമാണ് പാർട്ടിയിലുണ്ടായ ധാരണയെന്നാണ് വിവരം.
സി.പി.ഐ ഉൾപ്പെടെയുള്ള ഘടകകക്ഷികളും സി.പി.എം കേന്ദ്ര നേതൃത്വത്തിലെ മുതിർന്ന ചില വനിതാ നേതാക്കളും മുകേഷ് രാജിവയ്ക്കണമെന്ന അഭിപ്രായക്കാരായിരുന്നുവെങ്കിലും പാർട്ടി സംസ്ഥാന കമ്മിറ്റി ഈ ആവശ്യം നിരാകരിച്ചിരിക്കുകയാണ്. ഈ തീരുമാനം മുകേഷിന് താൽകാലിക ആശ്വാസം നൽകുമെങ്കിലും നടനെതിരേയുള്ള പ്രതിപക്ഷ പാർട്ടികളുടെയും വനിതാ സംഘടനകളുടെയും സമരം കൂടുതൽ ശക്തമാകുമെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞദിവസം ചേർന്ന സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിൽ മുകേഷിനെതിരെ രൂക്ഷ വിമർശം ഉയർന്നെങ്കിലും അതും സംസ്ഥാന കമ്മിറ്റി പരിഗണിച്ചിട്ടില്ല.
അതിനിടെ, പാർട്ടി അനുകൂല നടപടി സ്വീകരിച്ചതോടെ താൻ തന്നെയാണ് ഇപ്പോഴും കൊല്ലം എം.എൽ.എയെന്ന് സൂചിപ്പിക്കാൻ ഫേസ്ബുക്കിൽ പെരുമൺ പാലത്തിന്റെ ചിത്രം മുകേഷ് ഇന്ന് പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞദിവസം കാറിലെ എം.എൽ.എ ബോർഡ് അഴിച്ചുമാറ്റിയായിരുന്നു മുകേഷ് അഭിഭാഷകനെ കാണാൻ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലെത്തിയത്.