കോഴിക്കോട്: ലേക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് കത്തിക്കയറിയ വിവാദ കാഫിർ സ്‌ക്രീൻ ഷോട്ട് പോസ്റ്റ് പിൻവലിച്ച് സി.പി.എം നേതാവും മേപ്പയൂർ മുൻ എം.എൽ.എയുമായ കെ.കെ ലതിക. സ്‌ക്രീൻഷോട്ട് എഫ്.ബിയിൽ നിന്നും പിൻവലിച്ച ലതിക, പ്രൊഫൈൽ ലോക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ സി.പി.എം കേന്ദ്രങ്ങൾ എതിർ സ്ഥാനാർത്ഥിക്കെതിരെ രാഷ്ട്രീയ ആയുധമാക്കിയ പോസ്റ്റ് വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടും സ്‌ക്രീൻഷോട്ട് ഫെയ്‌സ്ബുക്കിൽനിന്ന് നീക്കാൻ ലതിക തയ്യാറായിരുന്നില്ല. ഇതിനെതിരെ നിയമനടപടിയുമായി യു.ഡി.എഫ് രംഗത്തുവന്നിരുന്നു.
ഏറ്റവും ഒടുവിൽ, കഴിഞ്ഞദിവസം കോടതിയിൽ സത്യം പറയാൻ സർക്കാർ നിർബന്ധിതമായതോടെ സി.പി.എമ്മിന്റെ തെറ്റായ പ്രചാരണം നേതൃത്വത്തിന് വൻ തിരിച്ചടിയാവുകയായിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് പ്രത്യക്ഷപ്പെട്ട കാഫിർ പോസ്റ്റ് നിർമിച്ചത് ലീഗ് പ്രവർത്തകൻ അല്ലെന്ന് ഹൈക്കോടതിയിൽ സർക്കാർ റിപോർട്ട് നല്കിയതിന് പിന്നാലെയാണ് സ്‌ക്രീൻഷോട്ട് പിൻവലിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് കൂടിയായ കെ.കെ ലതിക ഫെയ്‌സ്ബുക്ക് അക്കൗണ്ട് ലോക്ക് ചെയ്തത്.
സംഭവത്തിൽ ലതികയെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. തെരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളിൽ വടകരയിലെ ഇടത് സ്ഥാനാർത്ഥി കെ.കെ ശൈലജയെ കാഫിർ എന്ന് വിശേഷിപ്പിച്ച് വ്യാജ പോസ്റ്റ് പുറത്തിറക്കി ഛിദ്രതയുണ്ടാക്കാൻ ശ്രമിക്കുകയായിരുന്നു. ഇടത് സൈബർ പേജായ അമ്പാടിമുക്ക് സഖാക്കളിലായിരുന്നു ഈ വ്യാജ പോസ്റ്റിന്റെ തുടക്കം. വിവാദമായതോടെ പോസ്റ്റ് അമ്പാടിമുക്ക് സഖാക്കൾ ഡിലീറ്റ് ചെയ്‌തെങ്കിലും ലതിക ഡിലീറ്റ് ചെയ്തിരുന്നില്ല. ഈ വിവാദ പോസ്റ്റ് ലീഗിന്റെയും യു.ഡി.എഫിന്റെയും തലയിൽ കെട്ടിവെച്ച് വിഭാഗീയത വളർത്താനും രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമുള്ള ചില സി.പി.എം കേന്ദ്രങ്ങളുടെ നീക്കം വൻ നാണക്കേടാണ് ഇടതുപക്ഷത്തിനും സ്ഥാനാർത്ഥിക്കുമുണ്ടാക്കിയത്. തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി എന്തു വൃത്തികെട്ട പ്രചാരണത്തിനും സി.പി.എം മടിക്കില്ലെന്നതിന്റെ ഒന്നാംനമ്പർ തെളിവാണ് വടകരയിൽ കൈയോടെ പിടിക്കപ്പെട്ടതെന്ന് യു.ഡി.എഫ് വ്യക്തമാക്കിയിരുന്നു. സി.പി.എമ്മിലും ഇത്തരം തെറ്റായ പ്രചാരണരീതിയിൽ വലിയൊരു വിഭാഗം കടുത്ത നീരസം പ്രകടമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group