തിരുവനന്തപുരം: ലൈംഗിക പീഡനാരോപണം ഉയർന്ന നടനും കൊല്ലം എം.എൽ.എയുമായ എം മുകേഷിന് പ്രതിപക്ഷ എം.എൽ.എമാരെ ചൂണ്ടിക്കാട്ടി സംരക്ഷണ വലയമൊരുക്കാൻ സി.പി.എം. കോൺഗ്രസ് എം.എൽ.എമാരായ എൽദോസ് കുന്നപ്പള്ളിയെയും എം വിൻസെന്റിനെയും മറ്റും ചൂണ്ടിക്കാട്ടിയാണ് നടിമാരുടെ അതീവ ഗുരുതരമായ ലൈംഗിക ആരോപണങ്ങൾക്കെതിരേ എം മുകേഷിനായി സി.പി.എം പ്രതിരോധമൊരുക്കുന്നത്.
ആരോപണ വിധേയരായ കോൺഗ്രസ് എം.എൽ.എമാരെല്ലാം ഇപ്പോഴും പ്രസ്തുത സ്ഥാനത്ത് തുടരുന്നുണ്ടെന്നും രാജിവെച്ചൊരു മാതൃക ഇവരിൽനിന്ന് ഉണ്ടായില്ലെന്നുമാണ് സി.പി.എം പിടിവള്ളിയായി ചൂണ്ടിക്കാട്ടുന്നത്. മുകേഷിനെതിരെ ഉയർന്നതിനെക്കാൾ ഗുരുതരമായ കുറ്റാരോപണം നേരിടുകയും ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുകയും ചെയ്ത പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി ഇപ്പോഴും നിയമസഭാഗംമാണ്. വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ കോവളം എം.എൽ.എ എം വിൻസെന്റ് ജയിലിൽ കിടന്നിട്ടുണ്ട്. ഇതടക്കമുള്ള കാര്യങ്ങളാണ് സി.പി.എം ഉയർത്തുന്നത്. ജോസ് തെറ്റയിൽ യു.ഡി.എഫിന്റെ ഭാഗമായപ്പോൾ സമാന രീതിയിൽ ആരോപണം ഉയർന്നപ്പോൾ അന്ന് തെറ്റയിലും എം.എൽ.എ സ്ഥാനം രാജിവെച്ചില്ല. കുറ്റവിമുക്തരായെങ്കിലും കോൺഗ്രസ് നേതാക്കളായ എം.പിമാരായ കെ.സി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർ സോളാർ കേസിൽ പീഡന ആരോപണം നേരിട്ടപ്പോഴും സ്ഥാനം രാജിവെച്ചൊരു ധാർമികതയോ കീഴ്‌വഴക്കമോ കോൺഗ്രസിൽനിന്ന് ഉണ്ടായിട്ടില്ലെന്നും മുകേഷിനായി വാദിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, നടൻ മുകേഷിനെതിരായ ആരോപണം കടുക്കുകയും നിയമനടപടിയുമായി പോലീസ് മുന്നോട്ടു പോകുകയും ചെയ്താൽ ഇതുണ്ടാക്കുന്ന പ്രതിസന്ധി ഏറെയാകുമെന്നും സി.പി.എമ്മിലും ഇടതുമുന്നണിയിലും അഭിപ്രായമുള്ളവരുണ്ട്. ഇടതു മുന്നണിയുടെ സ്ത്രീസുരക്ഷ നിലപാടിന് വിരുദ്ധമായ കാര്യങ്ങളാണ് മുകേഷ് എം.എൽ.എക്കെതിരെ ഉയർന്നതെന്നും ഇത് മൂടിവെച്ചോ പ്രതിപക്ഷത്തെ ചൂണ്ടി ന്യായീകരിച്ചോ മുന്നോട്ടു പോകാനാവില്ലെന്ന ശക്തമായ നിലപാടുള്ളവരും പാർട്ടിയിലും മുന്നണിയിലുമുണ്ട്. എന്നാൽ, ഇവർ പാർട്ടിയെ തള്ളി പരസ്യമായൊരു നിലപാട് സ്വീകരിക്കാൻ സാധ്യതയില്ലതാനും. എന്നാൽ, മുകേഷിനെതിരായ സമരം ശക്തമാകുന്ന സാഹചര്യത്തിൽ സർക്കാരിന്റെ നയപരമായ കാര്യങ്ങൾ തീരുമാനിക്കുന്ന പദവിയിൽ നിന്ന് മുകേഷിനെ മാറ്റിനിർത്താൻ സാധ്യതയുണ്ട്. ഇത് മുന്നിൽക്കണ്ട് ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്ന് മുകേഷ് സ്വയം ഒഴിയാനാണ് സാധ്യതയെന്നും പറയുന്നു.
അതിനിടെ, മുകേഷ് എം.എൽ.എക്കെതിരേ ഉയർന്ന ആരോപണങ്ങളിൽ മാധ്യമങ്ങളോട് കയർത്താണ് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി പ്രതികരിച്ചത്. ഇരകൾക്കു വേണ്ടിയല്ല, വേട്ടക്കാർക്കു വേണ്ടി ഇടതും വലതും ബി.ജെ.പി മുന്നണിയിലും ഒരേ സ്വരവും വികാരവുമുള്ളവർ ഏറെയാണെന്നും സമൂഹമാധ്യങ്ങളിൽ വിമർശങ്ങളുണ്ട്.
‘ഇത് നിങ്ങളുടെ തീറ്റ, വലിയൊരു സംവിധാനത്തെ തകിടം മറിക്കരുത്’: ലൈംഗികാരോപണങ്ങളിൽ മാധ്യമങ്ങളോട് കയർത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി
തൃശൂർ: ചലച്ചിത്ര താരങ്ങൾക്കെതിരേ നടിമാർ ഉയർത്തിയ ആരോപണങ്ങളിൽ മാധ്യമങ്ങളോട് കയർത്ത് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. സിനിമാ മേഖലക്കെതിരായ ആരോപണങ്ങൾ മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും ഒരു വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ് മാധ്യമങ്ങളെന്നും അദ്ദേഹം ആരോപിച്ചു.
നടനും കൊല്ലത്തെ സി.പി.എം എം.എൽ.എയുമായ എം മുകേഷിനെതിരേ നടി ഉയർത്തിയ പരാതി ശ്രദ്ധയിൽപെടുത്തിയപ്പോൾ ക്ഷുഭിതനായാണ് സുരേഷ് ഗോപി പ്രതികരിച്ചത്. മുകേഷിന്റെ കാര്യത്തിൽ കോടതി എന്തെങ്കിലും പറഞ്ഞോ, കാര്യങ്ങൾ കോടതി പറയും. ഇത് നിങ്ങളുടെ തീറ്റയാണ്. ആടിനെ തമ്മിൽ തല്ലിച്ച് ചോരക്കുടിക്കുകയാണ്. നിങ്ങളത് വെച്ച് കാശുണ്ടാക്കിക്കോ. ഒരു കുഴപ്പവുമില്ല. പക്ഷേ, വലിയൊരു സംവിധാനത്തെ തകിടം മറിക്കുകയാണ് നിങ്ങൾ. ഈ വിഷയങ്ങളെല്ലാം കോടതിക്കു മുന്നിലുണ്ട്. കോടതി ഇക്കാര്യത്തിൽ തീരുമാനം എടുക്കും. കോടതിക്കു ബുദ്ധിയുണ്ട്, യുക്തിയുണ്ട്. ഒരു സമൂഹത്തിന്റെ മാനസികാവസ്ഥയെ നിങ്ങൾ വഴി തെറ്റിച്ചു വിടുകയാണ്. പരാതികളെല്ലാം ആരോപണത്തിന്റെ രൂപത്തിലാണുള്ളത്. നിങ്ങൾ ആരോടാണ് സംസാരിക്കുന്നത്? എന്താണ് പറയുന്നത്? നിങ്ങൾ കോടതിയാണോയെന്നും പറയാനുള്ളതെല്ലാം ഞാൻ പറഞ്ഞെന്നും ചോദ്യങ്ങളോടായി കുപിതനായി സുരേഷ് ഗോപി പ്രതികരിച്ചു.
കൂടുതൽ ചോദ്യങ്ങൾ ഉയർന്നപ്പോൾ ഒരു സ്വകാര്യ സന്ദർശനം കഴിഞ്ഞാണ് വരുന്നതെന്നും അതിന്റെ പവിത്ര മാനിക്കണമെന്നും, അമ്മ സംഘടനയുമായി ബന്ധപ്പെട്ടത് അമ്മ ഓഫീസിൽ നിന്നിറങ്ങുമ്പോൾ ചോദിക്കണമെന്നും ഓഫീസിൽ നിന്നിറങ്ങുമ്പോൾ ഓഫീസിലെ കാര്യവും വീട്ടിൽ നിന്നിറങ്ങുമ്പോൾ വീട്ടിലെ കാര്യവും ചോദിക്കണമെന്ന വിചിത്രമായ വാദവും കേന്ദ്രമന്ത്രി മുന്നോട്ടുവച്ചു.