ദമാം- കൊല്ലം ത്രിക്കരുവ സ്വദേശികളായ ദമ്പതികളെ സൗദിയിലെ ദമാം അൽകോബാർ തുഖ്ബയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അനൂപ് മോഹന്‍ (37) ഭാര്യ രമ്യ മോള്‍ (28) വയസ്സ്) എന്നിവരാണ് അല്‍ ഖോബാര്‍ തുഖ്ബയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മകള്‍ അഞ്ചു വയസ്സുള്ള ആരാധ്യയുടെ കരച്ചില്‍ കേട്ട അയല്‍വാസികള്‍ എത്തിയപ്പോഴാണ് തൂങ്ങി നില്‍ക്കുന്ന അനൂപ് മോഹനനെയും അതിനടുത്തുള്ള കട്ടിലില്‍ മരിച്ചു കിടക്കുന്ന രമ്യ മോളുടെയും മൃതദേഹങ്ങള്‍ കണ്ടത്. പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അല്‍ ഖോബാര്‍ പോലീസ് എത്തി മകള്‍ ആരാധ്യയോട് വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു.
കുഞ്ഞില്‍ നിന്നും കിട്ടിയ വിവരമനുസരിച്ചാണ് ഇവളുടെ അച്ഛന്‍ ആത്മഹത്യ ചെയ്തതാവാം എന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നത്. തലയണ മുഖത്തമര്‍ത്തി ശ്വാസം മുട്ടിച്ചു ഈ കുഞ്ഞിനേയും കൊല്ലാനുള്ള ശ്രമം നടത്തിയതായും കുഞ്ഞിന്റെ കരച്ചിലിനെ തുടര്‍ന്ന് അച്ഛന്‍ ഇറങ്ങി പോയതായും കുഞ്ഞു സംസാരത്തിനിടയില്‍ പറയുന്നുണ്ട്. പിന്നീട് തലമുകളിലായും കാല്‍ താഴെയായും അച്ഛന്‍ തൂങ്ങി നില്‍ക്കുന്നതായും കണ്ടതിനെ തുടര്‍ന്ന് വീണ്ടും നിലവിളിക്കുകയയിരുന്നെന്നും ആരാധ്യ പോലീസിനോട് പറഞ്ഞു.
അമ്മയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ രണ്ടു മൂന്നു ദിവസമായി ഒന്നും സംസാരിക്കാതെ അമ്മ കട്ടിലില്‍ തന്നെ കിടക്കുകയയിരുന്നെന്നും കുട്ടി പോലീസിനോട് പറഞ്ഞു. കുട്ടിയുടെ സംസാരത്തില്‍ നിന്നും അമ്മ രമ്യ മോള്‍ നേരത്തെ മരണം സംഭവിച്ചിരിക്കാം എന്നാണു പോലീസ് നിഗമനം. ഏതായാലും പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മാത്രമേ രമ്യയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ അന്ന് അറിയാന്‍ കഴിയൂ എന്നും പോലീസ് അറിയിച്ചു.
ദമാം മെഡിക്കല്‍ കോമ്പ്ലക്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്‍റെ നടപടി ക്രമങ്ങള്‍ പൂർത്തീകരിക്കുന്നതിന് സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. അല്‍കോബാര്‍ പോലീസ് മകള്‍ ആരാധ്യയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചതിനു ശേഷം സാമൂഹ്യ പ്രവര്‍ത്തകനും ലോക കേരള സഭ അംഗവുമായ നാസ് വക്കതിനെ ഏല്‍പ്പിക്കുകയും ചെയ്തു. മൃതദേഹങ്ങള്‍ സംബന്ധിച്ചുള്ള നടപടി ക്രമങ്ങള്‍ എളുപ്പതിലാക്കുന്നതിനും കുഞ്ഞിനെ കൈമാറുന്നതിനെ കുറിച്ചും നാസ് വക്കം ഇവരുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടു ആശയവിനിമയം നടത്തി വരുന്നുണ്ട്.