കൽപ്പറ്റ: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നൽകണമെന്നും ദുരിതാശ്വാസ നിധിയിലെ കണക്കുകൾ സുതാര്യമായിരിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
ഇപ്പോൾ സംസ്ഥാന സർക്കാരിനെ വിമർശിക്കേണ്ട സമയമല്ല. കോൺഗ്രസ് നേതാക്കളായ വി.എം സുധീരൻ, രമേശ് ചെന്നിത്തല തുടങ്ങിയവർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്ന് തങ്ങളാരും പറഞ്ഞിട്ടില്ല. ജനം അങ്ങനെ പണം സംഭാവന ചെയ്യാൻ മടിക്കുന്നുണ്ടെങ്കിൽ ആ സംശയം ദുരീകരിക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്. അതല്ലാതെ അറസ്റ്റ് ചെയ്യാനല്ല. പേടിക്കേണ്ട, ഇതൊരു വ്യത്യസ്ത അക്കൗണ്ടാണെന്ന് പറഞ്ഞാൽ അത് അവിടെ തീരുമെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
ദുരിതബാധിതർക്കായി കെ.പി.സി.സി 100 വീട് നിർമിച്ച് നൽകും. വയനാട് ദുരന്തത്തിൽ ബി.ജെ.പി രാഷ്ട്രീയം കലർത്തുകയാണ്. ഇപ്പോൾ അതിനുള്ള സമയമല്ല. വയനാട് ദുരന്തത്തെ കേന്ദ്രസർക്കാർ എന്തുകൊണ്ടാണ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതെന്ന് അറിയില്ല. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാജ്യസഭയിലും ലോക്‌സഭയിലും എം.പിമാർ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണെന്നും കേന്ദ്രം എത്രയും വേഗത്തിൽ അനുകൂല തീരുമാനം എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.