- മുരളീധരൻ ഏത് പദവിക്കും യോഗ്യനെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ എം.പി
കോഴിക്കോട്: യു.ഡി.എഫ് തരംഗത്തിനിടയിലും തൃശൂരിൽ ബി.ജെ.പിയോട് ദയനീയ തോൽവിയേറ്റു വാങ്ങിയതിന് പിന്നാലെ വൈകാരിക പ്രകടനം നടത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരനെ അനുനയിപ്പിക്കാൻ കോൺഗ്രസിലും മുന്നണിയിലും നീക്കങ്ങൾ സജീവം.
തോൽവിയിൽ മുരളീധരനെ പോലുള്ള ഒരു മുതിർന്ന നേതാവ് പൊതുപ്രവർത്തനം അവസാനിപ്പിക്കുകയാണെന്നും ഇനി ഒരു സ്ഥാനത്തേക്കും മത്സരിക്കാനില്ലെന്നും പ്രതികരിച്ചത് അപക്വമായെന്ന് വിലയിരുത്തുമ്പോഴും പാർട്ടിക്കു വേണ്ടി മുരളീധരൻ നടത്തിയ ത്യാഗത്തെ വിസ്മരിക്കരുതെന്നും ആ കരുത്തും നിലപാടും തുടർന്നും ഉണ്ടാകണമെന്ന നിലപാടുകാരാണ് പല നേതാക്കളും. ഘടകക്ഷി നേതാക്കൾക്കും ഇതേ വികാരമാണുള്ളത്. അതിനാൽ മുരളീധരനുണ്ടായ വേദന എത്രയും വേഗത്തിൽ പരിഹരിക്കണമെന്ന പൊതുവികാരമാണ് പാർട്ടിയിലും മുന്നണിയിലുമുള്ളത്.
കെ.പി.സി.സി പ്രസിഡന്റ് സ്ഥാനമോ യു.ഡി.എഫ് കൺവീനർ സ്ഥാനമോ ഇനി അതല്ല, രാഹുൽഗാന്ധി വയനാട് എം.പി സ്ഥാനം രാജിവയ്ക്കുന്ന സാഹചര്യം ഉണ്ടായാൽ പ്രസ്തുത സ്ഥാനത്തേക്കോ മുരളീധരനെ പരിഗണിക്കണമെന്ന ആവശ്യമാണ് ഇതിനകം ഉയർന്നത്. പാർട്ടി / മുന്നണി പദവികൾ ഏറ്റെടുത്ത് സംഘടനയെ ചലിപ്പിക്കാനും ഇടത് സർക്കാറിനെ അതിന്റെ മർമ്മത്തിൽ കുത്താനുമുള്ള മുരളീധരന്റെ പ്രാപ്തിയും പലരും ഉയർത്തിക്കാട്ടുന്നു.
വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് വരുന്ന പക്ഷം അവിടേക്ക് ഏറ്റവും യോഗ്യനായ സ്ഥാനാർത്ഥിയാണ് മുരളീധരനെങ്കിലും അദ്ദേഹത്തിന് നിയമസഭയിലേക്ക് മത്സരിക്കാനാണ് താൽപര്യമെന്നും വിവരമുണ്ട്. കേരളത്തിൽ ഭരണമാറ്റം ഉണ്ടാകുമ്പോൾ മന്ത്രിസ്ഥാനത്തേക്കും ഉറപ്പുള്ള നേതാക്കളിൽ ഒരാളാണ്.
അതേസമയം, സി.പി.എം നേതാവും മന്ത്രിയുമായ കെ രാധാകൃഷ്ണൻ ആലത്തൂരിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടതോടെ ചേലക്കര മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലേക്ക് രമ്യ ഹരിദാസിനെയും, ഷാഫിയുടെ വടകര വിജയത്തോടെ പാലക്കാട്ട് ഉപതെരഞ്ഞെടുപ്പിലേക്ക് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെയും മത്സരിപ്പിക്കണമെന്നും നിർദേശങ്ങളുണ്ട്. എന്നാൽ, ഇക്കാര്യങ്ങളിലേക്കൊന്നും പാർട്ടി ചർച്ച പോയിട്ടില്ലെങ്കിലും മുരളിക്ക് സുരക്ഷിതമായൊരു പദവി നൽകണമെന്ന കാര്യത്തിൽ മുതിർന്ന നേതാക്കൾക്കിടയിൽ പൊതുവെ സമവായമുണ്ട്. അത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നും പാർട്ടി കരുതുന്നു.
യു.ഡി.എഫ് പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിലെല്ലാം നേമത്തും വടകരയിലും ഏറ്റവും ഒടുവിൽ തൃശൂരിലും പാർട്ടിയുടെ തീരുമാനത്തിന് മറുത്തൊന്നും പറയാതെ അങ്കത്തിന് തയ്യാറായ മുരളീധരനെ പല നേതാക്കളും നേരിട്ട് വിളിച്ച് ആശ്വസിപ്പിക്കുന്നുമുണ്ട്.
മുരളീധരൻ ഏത് പദവിക്കും ഏത് മത്സരത്തിനും അർഹനാണെന്നും വേണ്ടിവന്നാൽ അദ്ദേഹത്തിന് കെ.പി.സി.സി അധ്യക്ഷസ്ഥാനം അടക്കം കൈമാറാൻ ഒരുക്കമാണെന്നുമാണ് കോൺഗ്രസ് അധ്യക്ഷനും കണ്ണൂർ എം.പിയുമായ കെ സുധാകരൻ പ്രതികരിച്ചത്.