ന്യൂഡൽഹി: സ്ത്രീകൾക്ക് ആർത്തവ അവധി നിർബന്ധമാക്കുന്നത് വിപരീത ഫലം ചെയ്യുമെന്ന് സുപ്രീംകോടതി. ഇത്തരം നിർബന്ധിത അവധി സ്ത്രീകൾക്കു ജോലി നൽകാനുള്ള താൽപര്യം തൊഴിലുടമകളിൽ ഇല്ലാതാക്കുമെന്നും സർക്കാരിന്റെ നയപരമായ തീരുമാനമാണ് വേണ്ടതെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.
വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ആർത്തവ ദിവസങ്ങളിൽ അവധി നൽകാൻ നയം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താൽപര്യ ഹരജി പരിഗണിക്കവെയാണ് കോടതി ഇപ്രകാരം അഭിപ്രായപ്പെട്ടത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആർത്തവ അവധി നൽകുന്നത് സംബന്ധിച്ച നയം രൂപീകരിക്കാൻ നിർദേശിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ഇതിനായി ഹരജിക്കാരന് വേണമെങ്കിൽ വനിതാ ശിശുക്ഷേമ മന്ത്രാലയത്തെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
ആർത്തവ അവധികൾ നിർബന്ധമാക്കുന്നത് അവരെ തൊഴിൽ മേഖലയിൽനിന്ന് അകറ്റും. സംരക്ഷിക്കാനുള്ള ശ്രമങ്ങൾ സ്ത്രീകൾക്കു ദോഷം ചെയ്യുന്നതാകും. ഇതു സർക്കാരിന്റെ നയപരമായ തീരുമാനമാണ്, കോടതികൾക്കു പരിശോധിക്കാനുള്ളതല്ലെന്നും ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group