കോട്ടയം– ഗവര്‍ണറുടെ സുരക്ഷക്ക് പോലീസിനെ ആവശ്യപ്പെട്ടത് നടപടി ക്രമങ്ങള്‍ പാലിക്കാതെയാണെയും അത്‌കൊണ്ടാണ് ഉത്തരവ് റദ്ദാക്കിയതെന്നും കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയത്തെ ജില്ലാ തല അവലോകന യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. എത്ര ഉന്നതന്‍ ആയാലും നടപടി ക്രമം പാലിക്കണം എന്നും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ ഉദ്ദേശിച്ച് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഡിജിപിയെ ഗവര്‍ണര്‍ അതൃപ്തി അറിയിച്ചെന്ന വാര്‍ത്ത വന്നത് രാജ്ഭവനിലെ ഉന്നത കേന്ദ്രങ്ങളില്‍ നിന്നാണ്. ഇത് ശരിയോ എന്ന് പരിശോധിക്കണമെന്നും രാജ്ഭവനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയ പിണറായി വിജയന്‍ വ്യക്തമാക്കി.
രാജ്ഭവന്റെ സുരക്ഷക്കായി നല്‍കിയ 6 പൊലിസുകാരുടെയും ഒരു ഡ്രൈവറുടെയും സ്ഥലമാറ്റ ഉത്തരവ് ഇറക്കിയ ദിവസം തന്നെ പൊലിസ് ആസ്ഥാനം റദ്ദാക്കുകയുണ്ടായി. രാജ് ഭവന്‍ ആവശ്യപ്പെട്ട പ്രകാരമാണ് ഒഴിവുകള്‍ നികത്താനായി പൊലിസുകാരെ സ്ഥലം മാറ്റി ഡിജിപി ഉത്തരവിറക്കിയത്. അതിനിടെ ശനിയാഴ്ച രാവിലെ ഇറക്കിയ ഉത്തരവ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ റദ്ദാക്കി മറ്റൊരു ഉത്തരവുമിറക്കി. ഗവര്‍ണറും സര്‍ക്കാറും പോര് മുറുകുന്നതിനിടെയാണ് ഉത്തരവ് റദ്ദാക്കിയതെന്നതും വിവാദങ്ങള്‍ക്കിടയാക്കി. എന്നാല്‍ സാങ്കേതിക കാരണങ്ങളാണ് ഉത്തരവ് റദ്ദാക്കിയതെന്നാണ് പൊലിസ് ആസ്ഥാനത്തിന്റെ വിശദീകരണം. ഒഴിവുകള്‍ നികത്തി ഉത്തരവിറക്കാനുള്ള അധികാരം കേരള സര്‍ക്കാരിനായതുകൊണ്ടാണ് സംസ്ഥാന പൊലീസ് മേധാവി ഇറക്കിയ ഉത്തരവ് റദ്ദാക്കേണ്ടിവന്നുവെന്നും പൊലിസ് ആസ്ഥാനം വിശദീകരണത്തില്‍ പറയുന്നു.