തിരുവനന്തപുരം: സ്‌കൂൾ സമയമാറ്റം നിലവിൽ സർക്കാർ അജണ്ടയിൽ ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ഗുണമേന്മയുള്ള വിദ്യാഭ്യാസം സംബന്ധിച്ച ശിപാർശകൾ സമർപ്പിക്കാനായി നിയോഗിച്ച കമ്മിറ്റിയാണ് പ്രഫ. ഖാദർ കമ്മിറ്റി. ഈ കമ്മിറ്റിയുടെ ശിപാർശയുടെ ഒരു ഭാഗത്തിനാണ് മന്ത്രിസഭ അംഗീകാരം നല്കിയത്. എല്ലാ ശിപാർശയും നടപ്പാക്കില്ലെന്നും സ്‌കൂൾ സമയം മാറ്റാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും വിദ്യാഭ്യാസ മന്ത്രി മാധ്യമങ്ങളോടായി പ്രതികരിച്ചു.
നിലവിൽ സർക്കാർ സ്‌കൂളുകൾ ഒൻപതര മുതൽ മൂന്നര വരെയോ 10 മുതൽ 4 വരെയോ 10.30 മുതൽ 4.30 വരെയോ ആണ് പ്രവർത്തിക്കുന്നത്. ഈ സമയത്തിൽ മാറ്റം വരുത്താൻ സർക്കാർ ആലോചിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയായി സ്‌കൂൾ സമയം പുനക്രമീകരിക്കണമെന്ന് ഖാദർ കമ്മിറ്റിയുടെ ശിപാർശ. പ്രാദേശിക ആവശ്യങ്ങൾ പരിഗണിച്ച് സമയം ക്രമീകരിക്കാമെന്നും സമിതി നിർദേശിച്ചിരുന്നു. ഒപ്പം പ്രീപ്രൈമറിയിൽ 25ഉം ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളിൽ ഡിവിഷന് 35 കുട്ടികളുമാണ് സമിതി നിർദേശിച്ചത്.
ശാന്തമായ അന്തരീക്ഷത്തിൽ വിദ്യാഭ്യാസ രംഗം പോകണമെന്നാണ് ഉദ്ദേശിക്കുന്നത്. അധ്യാപകരുടെ സഹകരണം വേണം. ശനിയാഴ്ച പ്രവൃത്തി ദിനം സംബന്ധിച്ച് രണ്ട് സിംഗിൾ ബഞ്ചുകൾ വ്യത്യസ്ത അഭിപ്രായം പറഞ്ഞത് അത്ഭുതപ്പെടുത്തുന്നു. സർക്കാർ അപ്പീൽ പോകാൻ തീരുമാനിച്ചിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചു.
