ന്യൂഡൽഹി: കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽ കോളജിലെ യുവ വനിതാ ഡോക്ടറെ ബലാത്സംഗംചെയ്തു കൊലപ്പെടുത്തിയ കേസിൽ ബംഗാൾ സർക്കാറിനും പോലീസിനുമെതിരേ രൂക്ഷ വിമർശവുമായി സുപ്രീം കോടതി. ഭയാനകമെന്ന് വിശേഷിപ്പിച്ച സുപ്രീം കോടതി ഇത് രാജ്യത്തുടനീളമുള്ള ഡോക്ടർമാരുടെ സുരക്ഷയുടെ പ്രശ്‌നമാണെന്ന് വ്യക്തമാക്കി.
ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ 10 പേരടങ്ങുന്ന ദേശീയ ദൗത്യ സേനക്കു രൂപം നൽകിയ കോടതി, മൂന്നാഴ്ചയ്ക്കകം ഇടക്കാല റിപോർട്ടും രണ്ട് മാസത്തിനകം പൂർണ റിപോർട്ടും സമർപ്പിക്കാൻ ഉത്തരവിട്ടു. അന്വേഷണ പുരോഗതി സംബന്ധിച്ച റിപോർട്ട് വ്യാഴാഴ്ച സമർപ്പിക്കാനും കോടതി സി.ബി.ഐക്ക് നിർദേശം നൽകി. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.
നാവിക സേന മെഡിക്കൽ വിഭാഗം മേധാവി സർജൻ വൈസ് അഡ്മിറൽ ഡോക്ടർ ആർ സരിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘത്തിൽ ഡോ. ഡി നാഗേശ്വർ റെഡ്ഡി, ഡോ. എം ശ്രീനിവാസ്, ഡോ. പ്രതിമ മൂർത്തി, ഡോ. ഗോവർധൻ ദത്ത്, ഡോ. സുമിത്ര റാവത്ത്, പ്രഫ. അനിത സക്‌സേന (എയിംസ് ഡൽഹി), പ്രഫ. പല്ലവി സാപ്രെ (ഡീൻ ഗ്രാൻഡ് മെഡിക്കൽ കോളേജ് മുംബൈ), ഡോ. പദ്മ ശ്രീവാസ്തവ (എയിംസ്) എന്നിവരാണ് പാനലിലുള്ളത്. ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിനായി ദേശീയ ദൗത്യ സേനയ്ക്ക് കോടതി നിർദേശങ്ങളും നല്കി.
അധിക സുരക്ഷ അനിവാര്യമെങ്കിൽ എമർജെൻസി റൂം, ആയുധങ്ങൾ ആശുപത്രിയിലെത്തുന്നത് തടയാൻ സ്‌ക്രീനിങ്, പരിധിക്കപ്പുറം ആളുകളെ ആശുപത്രിയിലേക്ക് കടത്തിവിടരുത്, ആൾക്കൂട്ടം നിയന്ത്രിക്കാൻ സെക്യൂരിറ്റി, ഡോക്ടർമാർക്ക് ബയോമെട്രിക് സംവിധാനത്തിലൂടെയുള്ള വിശ്രമമുറി, സി.സി.ടി.വി സേവനം, കൃത്യമായ വെളിച്ചം, രാത്രി പത്ത് മുതൽ പുലർച്ചെ ആറുവരെ ഗതാഗത സംവിധാനം, പ്രതിസന്ധി പരിഹരിക്കുന്നതിന് പ്രത്യേക ക്ലാസുകൾ, സുരക്ഷ സംവിധാനങ്ങൾക്ക് ഓഡിറ്റ്, അടിയന്തര ആവശ്യങ്ങൾക്ക് ഹെൽപ്പ്‌ലൈൻ നമ്പർ അടക്കമുള്ള നിർദേശങ്ങളും കോടതി മുന്നോട്ടുവെച്ചു.
സുരക്ഷിതമായ തൊഴിലിടങ്ങൾ സൃഷ്ടിക്കാൻ പ്രോട്ടോക്കോൾ സൃഷ്ടിക്കണം. സ്ത്രീകൾക്ക് ജോലിക്ക് പോകാൻ കഴിയുന്നില്ലെങ്കിൽ, സുരക്ഷിതമുള്ള തൊഴിലിടങ്ങൾ ഇല്ലെങ്കിൽ തുല്യത നിഷേധിക്കലാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ആരോഗ്യമേഖല ആക്രമണത്തിന് ഇരയാകുകയാണ്. പുരുഷാധിപത്യം കാരണം സ്ത്രീകളാണ് പലപ്പോഴും ഇതിന് ഇരയാകുന്നത്. മാറ്റം സംഭവിക്കാൻ മറ്റൊരു ബലാത്സംഗത്തിന് കൂടി കാത്തിരിക്കാൻ സാധിക്കില്ലെന്നും ചീഫ് ജസ്റ്റിസ് ഓർമിപ്പിച്ചു.
ആശുപത്രിയുടേയും ഹോസ്റ്റലിന്റേയും സുരക്ഷാ ചുമതല സി.ഐ.എസ്.എഫിന് കൈമാറാനും കോടതി നിർദേശിച്ചു. സംസ്ഥാനത്തിന് ഇതിൽ എതിർപ്പില്ലെന്ന് സർക്കാരിനായി ഹാജരായ അഭിഭാഷകൻ അറിയിച്ചു.
ആർ ജി കർ മെഡിക്കൽ കോളേജ് പ്രിൻസിപ്പിലും ഇത്രയും വലിയ കുറ്റകൃത്യം നടന്ന ശേഷം പോലീസും അധികൃതരും എന്തു ചെയ്യുകയായിരുന്നുവെന്നും കോടതി ചോദിച്ചു. പോസ്റ്റ്‌മോർട്ടം പൂർത്തിയായതിന് മണിക്കൂറുകൾക്കു് ശേഷം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തകാര്യവും കോടതി ചോദ്യം ചെയ്തു. പ്രതിഷേധക്കാർക്കെതിരെ പശ്ചിമ ബംഗാൾ സർക്കാർ നടപടിയെടുത്തതിലും കോടതി ആശങ്ക പ്രകടിപ്പിച്ചു. സമാധാനമായി പ്രതിഷേധിക്കുന്നവർക്കെതിരെ ഭരണകൂടം ബലം പ്രയോഗിക്കരുത്. പ്രതിഷേധക്കാർക്കു നേരെയും ആശുപത്രിക്കു നേരെയും ഉണ്ടായ ആക്രമണം തടയാൻ എന്തുകൊണ്ട് സാധിച്ചില്ലെന്നും കോടതി ചോദിച്ചു.
ആഗസ്ത് ഒമ്പതിനാണ് മെഡിക്കൽ കോളേജിലെ സെമിനാർ ഹാളിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കേസിൽ ഒരാളെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ആഗസ്ത് 13-നാണ് കൊൽക്കത്ത ഹൈക്കോടതി കേസ് സി.ബി.ഐക്ക് കൈമാറിയത്.