പാലക്കാട്: സംഘപരിവാർ, ഇടത് കേന്ദ്രങ്ങളെ ഞെട്ടിച്ച് പാലക്കാട്ട് യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ കുതിപ്പ് തുടരുന്നതിനിടെ ട്രോളി ബാഗുമായി പ്രവർത്തകരുടെ വിജയാഹ്ലാദ പ്രകടനം. ട്രോളി ബാഗ് തലയിലേറ്റിയും വലിച്ചുമാണ് യു.ഡി.എഫ് പ്രവർത്തകർ റോഡിലിറങ്ങിയത്.
പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബാഗിൽ പണം കൊണ്ടുവന്നുവെന്ന ആരോപണത്തിൽ ഹോട്ടലിൽ റെയ്ഡ് നടന്നത് വിവാദമായിരുന്നു. കോൺഗ്രസ് വനിതാ നേതാക്കളുടെ മുറിയിലുൾപ്പെടെ അർധരാത്രിയിൽ നടത്തിയ റെയ്ഡിൽ ഒന്നും കണ്ടെത്താനായിരുന്നില്ല. പിന്നീട് നീല ട്രോളി ബാഗുമായി മാധ്യമങ്ങൾക്ക് മുന്നിൽ വന്ന രാഹുൽ മാങ്കൂട്ടത്തിൽ തന്റെ വസ്ത്രങ്ങളാണ് ബാഗിലുണ്ടായിരുന്നതെന്ന് പറഞ്ഞിരുന്നു.
പോസ്റ്റൽ വോട്ടുകളിലും ആദ്യമെണ്ണിയ നഗര മേഖലയിലും മുന്നിലായിരുന്ന ബി.ജെ.പി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ പിന്നീട് പിന്നിലാവുകയായിരുന്നു. പോസ്റ്റൽ വോട്ട് ഒഴികെ, ലീഡ് നേടിയ ഘട്ടങ്ങളിലെല്ലാം കഴിഞ്ഞ തവണത്തേക്കാൾ ബി.ജെ.പിക്ക് വോട്ടുകൾ കുറഞ്ഞിരുന്നു. ചില സ്ഥലത്ത് അതിന്റെ ഗുണം ഇടതിലെ ഡോ. സരിന് ലഭിച്ചെങ്കിലും കോൺഗ്രസിലേക്കാണ് ഇതിന്റെ കുത്തൊഴുക്കുണ്ടായത്. നിലവിൽ പന്ത്രണ്ടായിരത്തിലേറെ വോട്ടുകൾക്കാണ് രാഹുൽ മാങ്കൂട്ടത്തിൽ കുതിപ്പ് തുടരുന്നത്.