അബുദാബി- യു.എ.ഇയിൽ വധശിക്ഷ നടപ്പാക്കിയ രണ്ട് പേരുടെ മൃതദേഹങ്ങൾ ഖബറടക്കി. മലയാളിയായ തലശ്ശേരി നെട്ടൂർ അരങ്ങിലോട്ട് തെക്കേപ്പറമ്പിൽ മുഹമ്മദ് റിനാഷ് (29), യുപി സ്വദേശിനി ഷെഹ്സാദി ഖാൻ (33) എന്നിവരെയാണ് മറവു ചെയ്തത്. മുഹമ്മദ് റിനാഷിൻ്റെ കബറടക്കത്തിൽ പങ്കെടുക്കാൻ ബന്ധുക്കൾ നാട്ടിൽ നിന്ന് എത്തിയിരുന്നു. റിനാഷിന്റെ ഉമ്മ ലൈല, സഹോദരന്മാരായ റിയാസ്, സജീർ, സഹോദരീ ഭർത്താവ് എന്നിവരാണ് നാട്ടിൽനിന്ന് എത്തിയത്.
നാട്ടിൽ നിന്ന് ബന്ധുക്കളാരും എത്താത്തതിനാൽ അറ്റോർണിയുടെയും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെയും യു.എ.ഇ അധികൃതരുടെയും സാന്നിധ്യത്തിലാണ് യുപി സ്വദേശിനി ഷെഹ്സാദി ഖാന്റെ മൃതദേഹം ഖബറടക്കിയത്. യു.എ.ഇയിൽ എത്താൻ ആവശ്യമായ നടപടിക്രമങ്ങൾക്ക് ആരും സഹായിക്കാൻ ഇല്ലാത്തതിനാൽ മകൾ ഷെഹ്സാദിയെ അവസാനമായി ഒരു നോക്ക് കാണാൻ കുടുംബങ്ങൾക്ക് സാധിച്ചില്ല. എന്നാൽ റിനാഷിൻ്റെ കുടുംബത്തെ യു.എ.ഇയിൽ എത്തിക്കാൻ അൽഐനിലെ സാമൂഹിക പ്രവർത്തകരും ഉദാരമതികളും ചേർന്ന് വീസയും ടിക്കറ്റും മറ്റു സഹായങ്ങളും നൽകിയിരുന്നു.
വാക്കുതർക്കത്തിനിടെ സ്വദേശിയെ കൊലപ്പെടുത്തിയ കേസിലാണ് റിനാഷ് വധശിക്ഷക്ക് വിധേയനായത്. വീട്ടുജോലിക്കിടെ ഇന്ത്യൻ ദമ്പതികളുടെ നാലര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച കേസിലാണ് ഷെഹ്സാദി ഖാൻ്റെ ശിക്ഷ നടപ്പാക്കിയത്. വധശിക്ഷയ്ക്കു വിധേയനായ മറ്റൊരു മലയാളി ചീമേനി പൊതാവൂർ സ്വദേശി പി.വി.മുരളീധരന്റെ(43) സംസ്കാരത്തീയതി തീരുമാനിച്ചിട്ടില്ല. മോഷണ ശ്രമത്തിനിടെ തിരൂർ സ്വദേശി മൊയ്തീൻ കൊല്ലപ്പെട്ട കേസിലാണ് മുരളിധരൻ വധശിക്ഷയ്ക്കു വിധേയനായത്.